/kalakaumudi/media/post_banners/fbba441e96235985b4e0422e0226aa446af10377c627fc49f46d16fbc7adcf18.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാനി’ൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പുറത്ത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്‌ണൻ, ചൗഹാൻ എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളാണ് പേരുകൾ പുറത്തുവിട്ടത്.
അതെസമയം ദൗത്യത്തിനു തയാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തിരുവനന്തപുരം വിഎസ്എസ്‌സിയിൽ ഔദ്യേഗികമായി പ്രഖ്യാപിക്കും. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം.
2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെ തിരഞ്ഞെടുത്തത്.തുടർന്ന് ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു.പിന്നീട് ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തന്നെ തിരഞ്ഞെടുത്തത്.
2025ലാകും ഗഗൻയാൻ ദൗത്യം. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത ‘വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ‘ജിഎക്സ്’ 2024 ജൂണിൽ വിക്ഷേപിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 3 ദിവസം സഞ്ചരിച്ച ശേഷമാകും മടങ്ങിയെത്തുക. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം.
മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. അതിന്റെ തുടർച്ചയായി നടത്തുന്ന ദൗത്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങൾക്കാണു മുൻതൂക്കം നൽകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിയിരുന്നു.