/kalakaumudi/media/post_banners/9eca10ae89b592e399f5e6a4e294ef1ba6d36da0eff1675af74b5fbedcde4ff0.jpg)
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും.39 ലോക്‌സഭാ സീറ്റുകളിലേക്കുള്ള ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കിയപ്പോൾ ബിജെപി 195 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണയത്തിനായി ഇരുപാർട്ടികളുടേയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിൽ ചേരും.
ബിജെപി പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡൻ്റുമാർ, ചുമതലയുള്ളവർ, സഹഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ എന്നിവർ പങ്കെടുക്കും. കർണാടകയിലേതടക്കം സീറ്റുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഒഡീഷയിലും ആന്ധ്രയിലും എൻഡിഎയിലേക്ക് കൂടുതൽ കക്ഷികൾ എത്തിയ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിലെ സീറ്റ് പങ്കുവയ്‌ക്കൽ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. മഹാരാഷ്‌ട്രയിലെ മഹായൂതി സഖ്യത്തിലെ സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനം ഇന്ന് ചേരുന്ന യോഗത്തിൽ നടക്കും. ആന്ധ്രയിൽ ടിഡിപി, ജനസേന പാർട്ടികളും ഒഡീഷയിൽ ബിജെഡിയും സഖ്യത്തിന്റെ ഭാഗമായാത് വളരെ വലിയ നേട്ടമാകുമെന്നാണ് ബജെപിയുടെ വിലയിരുത്തൽ.
മാർച്ച് 3 ന് പുറത്തുവിട്ട ഒന്നാംഘട്ട പട്ടികയിൽ 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടകയിൽ ഇടംപിടിച്ചിരുന്നു.കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കേരളത്തിലെ ബാക്കിയുള്ള സീറ്റുകളിലെയും തമിഴ്‌നാട്ടിലെ സീറ്റുകളിലെയും സ്ഥാനാർത്ഥികൾ രണ്ടാം ഘട്ട പട്ടികയിൽ ഉണ്ടാകും.
അതെസമയം കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണയത്തിനായി തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് യോഗം ചേരും.വൈകുന്നേരം 6 മണിക്ക് ചേരുന്ന യോഗത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിക്കും. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി എംപി രാഹുൽ ഗാന്ധിയും പങ്കെടുക്കും.
കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, തമിഴ്‌നാട്, ഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ രണ്ടാം യോഗത്തിൽ നടക്കുമെന്നാണ് വിവരം.അതെസമയം തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതും സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലേക്കും മമത ബാനർജി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തതിനാൽ പശ്ചിമ ബംഗാളിനെക്കുറിച്ചുള്ള ചർച്ച ഈ യോഗത്തിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.