/kalakaumudi/media/post_banners/e5b9d67de8570fb4c065f48939cb90ed2a99afd116daefec7dd955183b8f9b2c.jpg)
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി ദേശീയ സെക്രട്ടറി അജയ് കപൂറിന് പിന്നാലെ കോൺഗ്രസ് എംപി പ്രണീത് കൗറും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പ്രണീത് കൗർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രണീത് കൗറിന്റെ ബിജെപി പ്രവേശനം.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയാണ് പ്രണീത് കൗർ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച പ്രണീത് കൗർ ബിജെപിയിൽ ചേരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ 25 വർഷമായി ലോക്സഭയിലും നിയമസഭയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, പ്രധാനമന്ത്രിയ്‌ക്കൊപ്പം എല്ലാവരും ഒത്തുചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസിത് ഭാരത് പോലുള്ള അദ്ദേഹത്തിന്റെ നയങ്ങൾ പ്രശംസനീയമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്താനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രണീത് കൗർ പറഞ്ഞു.
അതെസമയം പ്രണീത് കൗറിനെപ്പോലുള്ള നേതാക്കൾ പാർട്ടിയിൽ എത്തുന്നത് പഞ്ചാബിൽ ബിജെപിയെ കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പറഞ്ഞു.നിരവധി മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച പാർലമെൻ്റേറിയനാണ് പ്രണീത് കൗർ. ഇങ്ങനെയുള്ളവർ ബിജെപിയിലേക്ക് വരുമ്പോൾ, പ്രത്യേകിച്ച് പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോക്ഷം ഉയരുന്ന സമയത്ത് ബിജെപിയ്‌ക്ക് ശക്തി പകരും. പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്ന പഞ്ചാബിന്റെ വികസനം പ്രണീത് കൗർജിയോടെ ശക്തമാകുമെന്നും വിനോദ് താവ്ഡെ കൂട്ടിച്ചേർത്തു.