സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്, പൊന്നാനിയിൽ അബ്ദുസമദ് സമദാനി

പൊന്നാനിയിൽ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ തന്റെ കന്നിയങ്കത്തിന് ഒരുങ്ങുകയാണ് ഇ.ടി.മുഹമ്മദ് ബഷീർ

author-image
Greeshma Rakesh
New Update
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്, പൊന്നാനിയിൽ അബ്ദുസമദ് സമദാനി

 

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്.മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്.എന്നാൽ ഇത്തവണ പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.

 

അതെസമയം തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. പൊന്നാനിയിൽ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ തന്റെ കന്നിയങ്കത്തിന് ഒരുങ്ങുകയാണ് ഇ.ടി.മുഹമ്മദ് ബഷീർ.നാല് തവണ നിയമസഭാ അംഗമായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ.ടി.മുഹമ്മദ് ബഷീർ 2009 മുതൽ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുണ്ട്.

മലപ്പുറത്തെ സിറ്റിങ് എംപിയാണ് അബ്ദുസമദ് സമദാനി. മലപ്പുറം കോട്ടക്കൽ സ്വദേശിയായ സമദാനി പൊന്നാനിയിൽ കന്നിയങ്കത്തിനാണിറങ്ങുന്നത്. പതിനേഴാം ലോക്‌സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021-ൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് സമദാനി എംപിയായത്.2011 മുതൽ 2016 വരെ നിയമസഭയിലും 1994 മുതൽ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു സമദാനി.

യുഡിഎഫിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. നേതാക്കളുടെ സേവനം എല്ലായിടത്തും ലഭിക്കാനാണ് മലപ്പുറത്ത് സീറ്റുകൾ വെച്ചുമാറിയതെന്നും സാദിഖലി തങ്ങൾ വിശദീകരിച്ചു.അതെസമയം മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു.രാജ്യസഭാ സ്ഥാനാർത്ഥിയെ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

 

 

muslim league lok-sabha election 2024 Abdussamad Samadani e t muhammed basheer