ജമ്മു കാശ്മീര്‍ സംവരണ ബില്ലും പുന:സംഘടന ബില്ലും പാസ്സാക്കി ലോകസഭ; നെഹ്‌റുവിനെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം

By Web Desk.06 12 2023

imran-azhar

 

 


ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്‍, പുന:സംഘടന ഭേദഗതി ബില്‍ എന്നിവ ബുധനാഴ്ച ലോകസഭ പാസ്സാക്കി. ജമ്മു കാശ്മീരിനെ സംബന്ധിച്ച് സുപ്രധാനമാണ് രണ്ട് ബില്ലുകളും.
ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്നതാണ് ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്‍. 2019 ലെ ജമ്മു കാശ്മീര്‍ പുന:സംഘടന നിയമത്തെ ഭേദഗതി ചെയ്ത് കൊണ്ടുള്ളതാണ് രണ്ടാമത്തെ ബില്‍.

 

ബില്ലുകള്‍ പാസ്സാകുന്നതോടെ ജമ്മു കാശ്മീര്‍ നിയമസഭയിലെ ആകെ സീറ്റുകള്‍ 83 ല്‍ നിന്ന് 90 ആയി വര്‍ദ്ധിക്കും. പാക്ക് അധീന കാശ്മീരില്‍ നിന്നും എത്തുന്നവര്‍ക്ക് ജമ്മു കാശ്മീര്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്ന് ബില്‍ അവതരിപ്പിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരികെ നല്‍കുന്നതാണ് ഈ ബില്ലെന്ന് അമിത് ഷാ പറഞ്ഞു.

 

വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ഇടപെട്ടിരുന്നുവെങ്കില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് കാശ്മീര്‍ താഴ് വര വിട്ടുപോകേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 46,631 കുടുംബങ്ങളാണ് അവിടെ നിന്ന് കുടിയിറക്കപ്പെട്ടത്. ഈ ബില്ല് അവരുടെ അവകാശങ്ങളെ തിരികെ കൊണ്ടു വരികയും അവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും ചെയ്യും. അമിത് ഷാ വ്യക്തമാക്കി.

 

ബില്‍ അവതരണത്തിനിടെ അമിത് ഷാ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാക് അധീന കാശ്മീര്‍ നെഹ്‌റുവിന്റെ അബദ്ധമായിരുന്നുവെന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത്. ഇതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. കാശ്മീരില്‍ നെഹ്‌റു വഹിച്ച പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സഭാ നേതാവ് സര്‍ക്കാരിനെ വെല്ലുവിളിച്ചു.

 

 

 

 

 

OTHER SECTIONS