ന്യൂഡല്‍ഹി: കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സൗദിയില്‍ നടത്താന്‍ തീരുമാനിച്ച ലോക കേരള സഭ അനിശ്ചിതത്വത്തില്‍. ഒക്ടോബര്‍ 19 മുതല്‍ 21 വരെ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇവര്‍ക്ക് സൗദിയിലേക്ക് പോകാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രായത്തിന്റെ അനുമതി ലഭിക്കണം. എന്നാല്‍, പരിപാടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും കേന്ദ്രം യാത്രാനുമതി നല്‍കിയിട്ടില്ല.
സെപ്റ്റംബര്‍ 9 നാണ് കേരളം വിദേശകാര്യവകുപ്പിന് അനുമതിക്കായി അപേക്ഷിച്ചത്. മുഖ്യമന്ത്രിക്കും അഞ്ചു മന്ത്രിമാര്‍ക്കും പുറമെ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ലോക കേരള സഭ ഡയറക്ടര്‍ വി വാസുകി, നോര്‍ക്ക സെക്രട്ടറി സുമന്‍ ബില്ല, സിഇഒ ഹരികൃഷ്ണന്‍ എന്നിവരാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.
ഒക്ടോബര്‍ 19 ന് റിയാദ്, 20 ന് ദമാം, 21 ന് ജിദ്ദ എന്നിവിടങ്ങളിലായിരുന്നു ലോക കേരള സഭ നിശ്ചയിച്ചിരുന്നത്. എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി സഹകരിച്ച് പരിപാടിക്ക് വേണ്ട ഒരുക്കങ്ങളും നടന്നുവരുന്നു. അതിനിടെയാണ്, കേന്ദ്രാനുമതി വൈകുന്നത് തിരിച്ചടിയായത്.