/kalakaumudi/media/post_banners/3f16809d5aecd62c51844e78704b9b6ad8709ea0881b695c89d7ba02acb1d490.jpg)
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വെള്ളിയാഴ്ച പുറത്തിറങ്ങും. കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളിലെ പട്ടികയാണ് പുറത്തിറക്കാൻ പോകുന്നത്. എന്നാൽ അവസാന നിമിഷത്തിലേയ്ക്ക് കടക്കുമ്പോൾ കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റുകൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.ബാക്കിയെല്ലാം സീറ്റുകളിലും സിറ്റിങ് എംപിമാർ മത്സരിക്കുമ്പോള്‍ വടകരയിലും തൃശൂരിലും മാറ്റത്തോടെയായിരിക്കും കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കുക.
ടി എന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.അങ്ങനെവന്നാൽ വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സാധ്യതയുണ്ടെങ്കിലും വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നറുക്ക് വീഴും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങളെടുത്തിരിക്കുന്നത്.
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ വടകരയിൽ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തില്‍ തന്നെ നിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഇത്തരം നിര്‍ദേശങ്ങളോടെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം കേന്ദ്രത്തിന് പട്ടിക കൈമാറിയിട്ടുണ്ട്. അതേസമയം പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടത് ക്യാമ്പിന്റെ ആലോചന. വെള്ളിയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുണ്ടാകും.