/kalakaumudi/media/post_banners/099b713e7837aa8ecfc2e5facbca67cb2ed7eefb5e043c0c1a2b14f8ed269317.jpg)
കണ്ണൂർ: പത്മജാ വേണുഗോപാൽ ബി.ജെ.പിയിൽ പോയതിന് പിന്നിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയാണെന്ന കെ. മുരളീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ.ആര് ഇടനില നിന്നാലും കരുണാകരൻറെ മകൾ ബി.ജെ.പിയിൽ പോകാൻ പാടുണ്ടോയെന്ന് ജയരാജൻ ചോദിച്ചു.
ജയരാജൻ പറഞ്ഞാലും പത്മജ ബി.ജെ.പിയിൽ പോകരുത്. ഇത് രാഷ്ട്രീയമല്ലേ. ഏതെങ്കിലും വ്യക്തിയുടെ ഇടപെടലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ആരെങ്കിലും പറഞ്ഞെന്ന പേരിൽ പത്മജ ബി.ജെ.പിയിൽ പോകാൻ പാടുണ്ടോ? ഈ തെരഞ്ഞെടുപ്പിൽ മുരളി തോറ്റാൽ, ബി.ജെ.പിയോടൊപ്പം നിന്നാൽ സ്ഥാനം നൽകാമെന്ന് ബെഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബി.ജെ.പിയിൽ പോകുമോയെന്നും ജയരാജൻ ചോദിച്ചു.
പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ ശനിയാഴ്ച പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ബെഹ്റക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്ന കാലം മുതൽ തന്റെ കുടുംബവുമായി ബെഹ്റക്ക് ബന്ധമുണ്ട്. അന്ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നു. ആ ബന്ധം ബി.ജെ.പിക്കാർ ഉപയോഗിച്ച് കാണും.
‘പത്മജ ബി.ജെ.പിയിൽ പോകുന്നുവെന്ന് വാർത്താ ചാനലിൽ ബ്രേക്കിങ് ന്യൂസ് കണ്ടു. ഉടൻ തന്നെ പത്മജയെ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോൾ തന്നെ തനിക്ക് സംശയം തോന്നി. ബി.ജെ.പിയിൽ പോകുന്നില്ലെന്ന ഫേസ്ബുക്ക് കണ്ടപ്പോഴും പത്മജയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സംശയിച്ച പോലെ തന്നെ സംഭവിച്ചു’ -മുരളീധരൻ ചൂണ്ടിക്കാട്ടി.