'വിദ്യാര്‍ഥികള്‍ വിദേശത്ത് പഠനത്തിന് പോകുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം, എസ്എഫ്‌ഐയുമായി ചര്‍ച്ച ചെയ്യും'; പ്രതികരിച്ച് എം വി ഗോവിന്ദന്‍

വിദേശ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

author-image
anu
New Update
'വിദ്യാര്‍ഥികള്‍ വിദേശത്ത് പഠനത്തിന് പോകുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം, എസ്എഫ്‌ഐയുമായി ചര്‍ച്ച ചെയ്യും'; പ്രതികരിച്ച് എം വി ഗോവിന്ദന്‍

 

കണ്ണൂര്‍: വിദേശ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച ബജറ്റ് നിര്‍ദേശങ്ങളില്‍നിന്നു മാറ്റമില്ല. സ്വകാര്യ മൂലധനത്തിനു പാര്‍ട്ടി എതിരല്ല. ഒരിക്കലും എതിരു നിന്നിട്ടുമില്ല. വിജ്ഞാന സമ്പദ്വ്യവസ്ഥയാണു പാര്‍ട്ടി ലക്ഷ്യമിടുന്നത് എന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം വരുന്നതില്‍ തെറ്റില്ല. സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകണമെന്നു മാത്രം. അതിനു തയാറാകുന്നവര്‍ മാത്രം വന്നാല്‍ മതി. വിദ്യാര്‍ഥികള്‍ വിദേശത്തു പഠനത്തിനു പോകുന്നതു കുറയ്ക്കുകയാണു ലക്ഷ്യം. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച് മന്ത്രിമാരില്‍ അഭിപ്രായ വ്യത്യാസമില്ല. എസ്എഫ്‌ഐയുടെ എതിര്‍പ്പ് അവരുമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിനു സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്ന് എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇഎംഎസിന്റെ കാലംതൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. സ്വകാര്യ മേഖല വേണ്ടെന്നു പറഞ്ഞല്ല പണ്ടു സമരം നടത്തിയത്. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയാണു ചെയ്തത്. സ്വകാര്യമൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ല. ഇനി എതിര്‍ക്കുകയുമില്ല. ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

Latest News kerala news