/kalakaumudi/media/post_banners/3b7c7c451a09103b98f2b654a6e16d9627f150704703a818d2c3a912afd927d7.jpg)
ഡൽഹി: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി. കഴിഞ്ഞദിവസം സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് 6 ബിജെപി നേതാക്കൾ രാജിവെച്ചു.
സീറ്റിനെ ചൊല്ലി ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടെയാണ് രാജി. 20ലധികം സീറ്റുകളിൽ സീറ്റു കിട്ടാത്തതിനെ ചൊല്ലിയുള്ള പ്രശ്നം തുടരുകയാണ്. 92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു.
അതെസമയം കോൺഗ്രസിലും സീറ്റ് തർക്കമുണ്ട്. കോൺഗ്രസിൽ നാല്പതോളം മണ്ഡലങ്ങളിൽ തർക്കം ശക്തമായി. തർക്കത്തെ തുടർന്ന് അഞ്ചു നേതാക്കൾ പാർട്ടി വിട്ടതായാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ കഴിഞ്ഞ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെതിരെയും ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.
കേന്ദ്രമന്ത്രിയെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തിരുന്നു.
സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രവർത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി.
ബൈത്തുല്‍ നഗാഡ, ചച്ചൗര, ഷിയോപൂർ, സത്ന , ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പാർട്ടിയില്‍ പ്രതിഷേധമുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്.