/kalakaumudi/media/post_banners/bb9b0e49b494ea2f20e83b14e588b7600e66c26ca53afca12104a2f24affd3e1.jpg)
മുംബൈ: മറാഠ സമുദായത്തിന് കുന്‍ബി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉറപ്പ് നല്‍കി. ഇതിന് പിന്നാലെ മറാഠ സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ നിരാഹാര സമരം അവസാനിപ്പിച്ചു.
മറാഠ സംവരണം നിയമപരമായി പരിഹരിക്കേണ്ടത് ആവശ്യമാണെന്നും ഇതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ജരാങ്കെ പാട്ടീലിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ജരാങ്കെ പാട്ടീല്‍ വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചത്.
'മറാഠ സംവരണത്തിനായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ക്യുറേറ്റീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് മറാഠ സമുദായത്തിന് ഉടന്‍ സംവരണം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.' പാട്ടീല്‍ പറഞ്ഞു.
ഓഗസ്റ്റില്‍ ജരാങ്കെ പാട്ടീല്‍ ആരംഭിച്ച സംവരണസമരം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചിരുന്നു.ഒക്ടോബര്‍ 24നകം പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 14ന് സമരം പിന്‍വലിച്ചു. സര്‍ക്കാരിന് അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും സംവരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരം പുനരാരംഭിച്ചത്.