/kalakaumudi/media/post_banners/9af910d4854fae4543760dcd00ac97ddb4ad3a9cf480cb3fd66bc8c6c584e210.jpg)
മുംബൈ: ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്നു ഭീഷണി. സംഭവത്തില്‍ മലയാളിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്നാമ് ഇയാളെ പിടികൂടിയത്. എന്നാല്‍, ഇയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിന്‍ ആയി നല്‍കണമെന്നും ഇല്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ 11 നാണ് മുംബൈ വിമാനത്താവള അധികൃതര്‍ക്ക് ഇ-മെയിലായി ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് എടിഎസ് നടത്തിയ അന്വേഷണത്തിലാണ് മലയാളി പിടിയിലായത്. വിമാനത്താവള അധികൃതര്‍ നല്‍കിയ പരാതിയിലാണ് സഹര്‍ പൊലീസ് കേസെടുത്തത്. ഒപ്പം എടിഎസ് സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിരുന്നു.
ഐപി വിലാസത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ മെയില്‍ അയച്ചത് കേരളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് എടിഎസ് സംഘം കേരളത്തിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.