സുജാതന്റെ ദുരൂഹ മരണം: അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

മലയാളി വ്യവസായിയും എസ്.എന്‍.ഡി.പി ഡല്‍ഹി ദ്വാരക ശാഖ സെക്രട്ടറിയുമായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി സുജാതന്റെ 60) ദുരൂഹ മരണത്തിന് പിന്നില്‍ മോഷണത്തിനപ്പുറമുള്ള കാരണങ്ങളുണ്ടോയെന്നന്വേഷിച്ച് ഡല്‍ഹി പോലീസ്

author-image
Web Desk
New Update
സുജാതന്റെ ദുരൂഹ മരണം: അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: മലയാളി വ്യവസായിയും എസ്.എന്‍.ഡി.പി ഡല്‍ഹി ദ്വാരക ശാഖ സെക്രട്ടറിയുമായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി സുജാതന്റെ 60) ദുരൂഹ മരണത്തിന് പിന്നില്‍ മോഷണത്തിനപ്പുറമുള്ള കാരണങ്ങളുണ്ടോയെന്നന്വേഷിച്ച് ഡല്‍ഹി പോലീസ്. ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 15 ല്‍ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപം ശിവാനി എന്‍ക്ലേവിലാണ് സുജാതനും കുടുബവും താമസിച്ചിരുന്നത്.

സുജാതന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ശനിയാഴ്ച പൂര്‍ത്തിയായി. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ഡല്‍ഹിയില്‍ താമസിക്കുന്ന സുജാതന്റെ ദുബായിലുള്ള സഹോദരനും നാട്ടില്‍ നിന്നും റായ്പൂരില്‍ നിന്നുമുള്ള ബന്ധുക്കളുമെത്തിയ ശേഷം സംസ്‌കാരം സംബന്ധിച്ച് തീരുമാനമെടുക്കും. ഡല്‍ഹിയില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് സൂചന.

വ്യാഴാഴ്ച്ച രാത്രി 9.30 യോടെ വീട്ടില്‍ നിന്ന് അത്താഴം കഴിഞ്ഞ് ബിസിനസ്സ് ആവശ്യത്തിനായി ജയ്പൂരിലേക്ക് യാത്ര പോകാനിറങ്ങിയ സുജാതന്റെ മൃതദേഹം ശരീരത്തില്‍ നിറയെ മുറിവുകളോടെ വീടിന് സമീപം കക്രോള പാര്‍ക്കിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ പ്രഭാതസവാരി നടത്തുന്നവരാണ് ആദ്യം കാണുന്നത്. സുജാതന്റെ തന്നെ ഷര്‍ട്ട് കയര്‍ പോലെ പിരിച്ച് അതിലാണ് മൃതദേഹം കെട്ടിത്തൂക്കിയത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്.

പ്രദേശത്തെ സിസിടിവി ഫൂട്ടേജുകളും ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. സുജാതന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഡി.സി.പി എം. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ദ്വാരക നോര്‍ത്ത് പൊലീസിന് പുറമെ ക്രൈംബ്രാഞ്ച് ഓപ്പറേഷന്‍ സെല്ലില്‍ നിന്നുമുള്ള പ്രത്യേക സംഘവും ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു. സുജാതന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടുണ്ട്. സുജാതന്റെ നഷ്ടപ്പെട്ട മൊബൈലും പേഴ്‌സും സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ശരീരത്തിലെ മുറിവുകള്‍ മുഴുവന്‍ ഒരേ ദിശയിലാണെന്നത് കൊലപാതകമാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

സാമൂഹ്യ പ്രവര്‍ത്തകനായ സുജാതന്‍ എസ്.എന്‍.ഡി.പിക്ക് പുറമെ നിരവധി മലയാളി സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ഭാരവാഹിയാണ്. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍.

സംഭവത്തെ കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എം.പി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് കത്തയച്ചു.

kerala delhi malayali delhi police