ബഹിരാകാശ സഹകരണം; മലയാളി ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്‌ക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി

മേഖലയിലെ ലളിതാംബികയുടെ വൈദഗ്‌ദ്ധ്യം, നേട്ടങ്ങൾ, അശ്രാന്ത പരിശ്രമം എന്നിവ ഭാരത-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തിൽ മഹത്തായ അധ്യായം രചിച്ചെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ പറ‍ഞ്ഞു

author-image
Greeshma Rakesh
New Update
ബഹിരാകാശ സഹകരണം; മലയാളി ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്‌ക്ക് ഫ്രാൻസിന്റെ പരമോന്നത  ബഹുമതി

 

ബംഗളുരു: ഭാരത-ഫ്രഞ്ച് ബഹിരാകാശ സഹകരണം പ്രോത്സാഹിപ്പിച്ചതിന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക്. ഫ്രഞ്ച് സർക്കാരിനെ പ്രതിനിധീകരിച്ച് ഭാരതത്തിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ലളിതാംബികയ്ക്ക് ബഹുമതി നൽകി ആദരിച്ചു.

മുൻ ഐഎസ്ആർഒ ചെയർമാൻ എ.എസ് കിരൺ കുമാറിന് ശേഷം ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഐഎസ്ആർഒ ശാസ്ത്രജ്ഞയാണ് ലളിതാംബിക.2019 ലാണ് കുമാറിന്  ബഹുമതി ലഭിച്ചിരുന്നത്.

മേഖലയിലെ ലളിതാംബികയുടെ വൈദഗ്‌ദ്ധ്യം, നേട്ടങ്ങൾ, അശ്രാന്ത പരിശ്രമം എന്നിവ ഭാരത-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തിൽ മഹത്തായ അധ്യായം രചിച്ചെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ പറ‍ഞ്ഞു.

ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിൽ വിദഗ്ധയായ ഡോ.ലളിതാംബിക ഭാരതത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

2018ൽ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്‌ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണൽ സ്‌പേസ് ഏജൻസിയുമായി (സിഎൻഇഎസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്.

മനുഷ്യ ബഹിരാകാശ യാത്രയിൽ സിഎൻഇഎസും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യ സംയുക്ത കരാറിൽ ഒപ്പുവെക്കുന്നതിലും ഡോ. ലളിതാംബിക നിർണായക പങ്ക് വഹിച്ചു. 2021ൽ മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഐഎസ്ആർഒ സന്ദർശിച്ചപ്പോൾ ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട് ഫ്രാൻസും ഭാരതവും തമ്മിലുള്ള രണ്ടാമത്തെ കരാർ ഒപ്പിട്ടതും ലളിതാംബികയുടെ നേതൃത്വത്തിലായിരുന്നു.

 

 

scientist vr lalithambika frances highest civilian honour space scientist