/kalakaumudi/media/post_banners/fb35df967377eb6ec60cc70dfbd0c13ab3763230f33da4e5a09b148d502c53ba.jpg)
മാലെ: നയതന്ത്ര സംഘര്‍ഷം കടുത്തതോടെ ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാറാണെന്ന് അറിയിച്ച് മാലിദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിമാർ പറഞ്ഞത് ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ പറഞ്ഞു. മന്ത്രിമാരുടെ പ്രസ്താവനകളെ തള്ളുകയാണെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ വിവാദ പ്രസ്താവനകളിൽ മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അപലപിക്കുകയും ചെയ്തിട്ടുണ്ട്.
അതെസമയം ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് മാലിദ്വീപ്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്നാണ് തിങ്കളാഴ്ച മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കുറയ്ക്കാൻ മാലിദ്വീപ് പ്രസിഡന്‍റിനുമേൽ സമ്മർദം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചൈനയ്ക്ക് മാലിദ്വീപിൻറെ സഹായം ആവശ്യമാണ്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ചൈന രംഗത്തെത്തി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും മാലിദ്വീപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ചൈനയുടെ വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സഹമന്ത്രിമാർ അപകീർത്തി പരാമർശങ്ങൾ നടത്തിയതിനു പിന്നാലെ രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോയ്‍കോട്ട് മാലിദ്വീപ് ഹാഷ് ടാഗുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യക്ക് പുറത്തുനിന്നുള്ള വിനോദസഞ്ചാരികളും മാലിദ്വീപിനെ കൈവിടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ലക്ഷദ്വീപ് ലക്ഷ്യമിട്ടുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി കമ്പനികളും അവകാശപ്പെട്ടു.