
കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍ വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് (മല്ലു ട്രാവലര്‍) സ്ഥിരം ജാമ്യം അനുവദിച്ചു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഷാക്കിര്‍ വിദേശത്തേക്ക് കടന്നിരുന്നു. കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.
സൗദി പൗരയായ 29 കാരിയാണ് ഷാക്കിറിനെതിരെ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 13 ന് അഭിമുഖത്തിനായി കൊച്ചിയില്‍ എത്തിയ യുവതിയെ ഹോട്ടലില്‍ വച്ച് ഷാക്കിര്‍ സുബ്ഹാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഏറെ നാളായി കൊച്ചിയിലാണ് യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു.