/kalakaumudi/media/post_banners/759420ae3447e9ef0c747c480ba058a8621fc44a8396c714647fda9276e61bde.jpg)
ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിക്ക് ബുധനാഴ്ച തിരിച്ചടികളുടെ ദിനം. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശേഷം ബംഗാളില്‍ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപനം നടത്തിയത് ബുധനാഴ്ച രാവിലെ.
തൊട്ട് പിന്നാലെ മണിക്കൂറുകളുടെ ഇടവേളയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ പ്രഖ്യാപനവും വന്നു. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി 13 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രതിഷക്ഷ ഐക്യം ആഹ്വാനം ചെയ്ത് ഭാരത് ന്യായ് ജോഡോ യാത്രയില്‍ ഇന്ത്യ മുന്നണിയിലെ മുഴുവന്‍ കക്ഷികളെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വലിയ തിരിച്ചടിയായി മാറി രണ്ട് മുഖ്യമന്ത്രിമാര്‍ നടത്തിയ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും നടത്തിയ സീറ്റ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ മമത ബാനര്‍ജി അവസരവാദിയാണെന്നും ബംഗാളില്‍ മത്സരിക്കാന്‍ അവരുടെ കരുണ വേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഒരുപാട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അതൊന്നും കോണ്‍ഗ്രസ് പരിഗണിച്ചില്ല. ബംഗാളില്‍ നടക്കുന്ന ഭാരത് ന്യായ് ജോഡോ യാത്രയെ കുറിച്ച് കോണ്‍ഗ്രസ് തന്നെ അറിയിച്ചിട്ടില്ലെന്നും മമത പറഞ്ഞു.
മമതയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്
മമത ബാനര്‍ജിയില്ലാത്ത ഇന്ത്യ മുന്നണിയെ കുറിച്ച് സങ്കല്പിക്കാനാവില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മമതയില്ലാത്ത ഒരു പ്രതിപക്ഷ സഖ്യം സങ്കല്പിക്കാന്‍ കഴിയില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയുടെ ശക്തമായ സ്തംഭമാണ്. ബംഗാളില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ ഒരു സഖ്യം പോലെ പോരാടും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടനെ ഫലം കാണുമെന്ന് പ്രതീ ക്ഷിക്കുന്നു. ഭാരത് ജോഡോ യാത്രയിലേക്ക് ഇന്ത്യ മുന്നണിയിലെ കക്ഷികളെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പലവട്ടം ക്ഷണിച്ചിട്ടുണ്ട്. ജയറാം രമേശ് പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിനെ കുറിച്ച് ഇപ്പോള്‍ പരസ്യ പ്രസ്താവന നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. മമതയും അവരുടെ പാര്‍ട്ടിയും ഞങ്ങള്‍ക്കൊപ്പമുണ്ട്. ചില സമയങ്ങളില്‍ അവരുടെയും ഞങ്ങളുടെയും നേതാക്കള്‍ എന്തെങ്കിലുമൊക്കെ പറയും. അത് സ്വാഭാവികമാണ്. അതൊന്നും കാര്യമാക്കാറില്ല. ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.