/kalakaumudi/media/post_banners/7639088133c984e22550fd95272ebc44bb4f339f75a7d108db0b28c32ee9c5b1.jpg)
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കിയ ബന്ധുവായ പ്രതിക്ക് 77 വര്‍ഷവും 9 മാസവും കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. പത്തനംതിട്ട ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 1 (പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി) ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. ശിക്ഷ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതിയാകും.
ഇളക്കൊള്ളൂര്‍ പ്രമാടം കളര്‍നില്‍ക്കുന്നതില്‍ വീട്ടില്‍ സുനിലി (28) നെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 3 വര്‍ഷവും 5 മാസവും 20 ദിവസവും കഠിനതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നല്‍കണം.
പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ദേഹോപദ്രവം എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്തെടുത്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ ആര്‍ ലീലാമ്മയാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പ്രതി കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. 2019 സെപ്റ്റംബര്‍ 15 വൈകിട്ട് 4 മണിക്ക് പ്രതിയുടെ വീട്ടില്‍ വച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന്, ഒക്ടോബര്‍ അവസാനം വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി ബലാല്‍സംഗം ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്സണ്‍ മാത്യൂസ് ഹാജരായി.