ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്ക് അനുമതി നിക്ഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; വേദി മാറ്റാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഇംഫാലിലെ ഉദ്ഘാടന വേദിക്ക് മണിപ്പുര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

author-image
anu
New Update
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്ക് അനുമതി നിക്ഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; വേദി മാറ്റാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഇംഫാലിലെ ഉദ്ഘാടന വേദിക്ക് മണിപ്പുര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇംഫാല്‍ ഈസ്റ്റിലെ ഹത്ത കാങ്ജെയ്ബുങ്ങില്‍ നിന്നായിരുന്നു ജനുവരി 14 ന് യാത്ര ആരംഭിക്കാനിരുന്നത്.

അനുമതിയുമായി ബന്ധപ്പെട്ട് മണിപ്പുര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മേഘചന്ദ്ര, മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ബുധനാഴ്ച മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു. സര്‍ക്കാരിന്റെ പ്രതികരണത്തെ 'നിര്‍ഭാഗ്യകരം' എന്നു വിശേഷിപ്പിച്ച മേഘചന്ദ്ര, ഇതേത്തുടര്‍ന്ന് തൗബാല്‍ ജില്ലയിലെ ഖോങ്ജോമിലേക്ക് വേദി മാറ്റുമെന്നും അറിയിച്ചു. കോണ്‍ഗ്രസിന്റെ യാത്രയ്ക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്നും സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പരമാവധി ജനസമ്പര്‍ക്കമുറപ്പാക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന രണ്ടാം ഘട്ട യാത്ര 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 14നു തുടങ്ങി മാര്‍ച്ച് 20 വരെ നീളുന്ന യാത്രയുടെ പേര് 'ഭാരത് ജോഡോ ന്യായ് യാത്ര' എന്നു പരിഷ്‌കരിക്കുകയായിരുന്നു. ഭാരത് ന്യായ് യാത്ര എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

national news Latest News