കിഫ്ബി മസാല ബോണ്ട് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍; ഹൈക്കോടതിയില്‍ ഇഡിയുടെ സത്യവാങ്മൂലം

കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം.

author-image
Athira
New Update
കിഫ്ബി മസാല ബോണ്ട് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍;  ഹൈക്കോടതിയില്‍ ഇഡിയുടെ സത്യവാങ്മൂലം

കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം സംബന്ധിച്ച അന്വേഷണം നിര്‍ണായകമെന്നാണ് ഇ.ഡിയുടെ സത്യവാങ്മൂലം.

ഫെമ ലംഘനം പരിശോധിക്കാന്‍ സമന്‍സ് നല്‍കിയതിനെ കിഫ്ബി കോടതിയില്‍ ചോദ്യം ചെയ്യുന്നത് നിയമം ദുരുപയോഗം ചെയ്യാനാണെന്നും നിര്‍ണായക ഘട്ടത്തിലുള്ള അന്വേഷണം തടസപ്പെടുത്തുകയും നിശ്ചലമാക്കുകയുമാണ് ഹര്‍ജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

2018 ജൂണില്‍ കേസില്‍ നിയമപരമായി അധികാരമില്ലാതെയാണ് ഇ ഡി വീണ്ടും സമന്‍സ് നല്‍കിയിരിക്കുന്നതെന്നും മസാല ബോണ്ട് ഇറക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് കിഫ്ബിയെ അറിയിച്ചിരുന്നതായി ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ ആര്‍ക്കെതിരെയും ആരോപണങ്ങള്‍ പോലും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും ഇ ഡിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇ ഡിയുടെ പരാതിയില്‍ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസെങ്കിലും നല്‍കിയാലേ തങ്ങള്‍ക്കെതിരാണെന്ന് കരുതാനെങ്കിലും കഴിയൂ. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന വാദം നിയമപരമായി നിലനില്‍ക്കില്ലെന്നും ഇ ഡി പറഞ്ഞു.

കിഫ്ബി മസാല ബോണ്ടിറക്കിയതിലും അതിന്റെ ഉപയോഗത്തിലും ഫെമ നിയമം ലംഘിച്ചെന്ന പരാതിയില്‍ തെളിവ് രേഖപ്പെടുത്താനാണ് സമന്‍സ് . ഫെമ ലംഘനം കണ്ടെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നല്‍കുകയും നോട്ടീസ് നല്‍കി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കുകയും ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി നാളെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും.

Latest News kerala news news updates