/kalakaumudi/media/post_banners/5f710bf71826f389da9ee6ef8cd4f28ccc92cf1e05c4950461478723336ffd4b.jpg)
തിരുവനന്തപുരം: കരിമണല്‍ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ 100 കോടിയോളം രൂപ കൈപ്പറ്റിയതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍ കമ്പനിയ്ക്കായും കെആര്‍എംഇഎല്‍ കമ്പനിക്കായും പലതവണ മുഖ്യമന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയതായും മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലില്‍ നിര്‍ത്തുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു.
സിഎംആര്‍എലിനും കെആര്‍എംഇഎലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതല്‍ ഇടപെടലുകള്‍ നടത്തിയതിന്റെ തെളിവുകള്‍ കുഴല്‍നാടന്‍ പുറത്തുവിട്ടു. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍, സിഎംആര്‍എലിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് ആരോപണം. നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി സിഎംആര്‍എലില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍, മുഖ്യമന്ത്രിയാണ് യഥാര്‍ഥ പ്രതിയെന്നും കുഴല്‍നാടന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുഴല്‍നാടന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആലപ്പുഴ ജില്ലയില്‍ കെആര്‍ഇഎംഎല്‍ കമ്പനി 60 ഏക്കര്‍ 20 വര്‍ഷമായി കൈവശംവച്ചിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഭൂമിക്ക് ഇളവ് നല്‍കണമെങ്കില്‍ ജില്ലാതല സമിതി പരിശോധിക്കണം. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ ഇളവ് നല്‍കാനാകൂ. ഭൂമിക്ക് ഇളവു നല്‍കാന്‍ ജില്ലാ സമിതി ശുപാര്‍ശ ചെയ്യാത്തതിനാല്‍ 2021ല്‍ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളി. രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും തള്ളി. കമ്പനി പിന്നീട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. ആദ്യം മിനറല്‍ കോംപ്ലക്‌സ് തുടങ്ങാനാണ് സിഎംആര്‍എല്‍ പദ്ധതി സമര്‍പിച്ചതെങ്കില്‍ പിന്നീട് ടൂറിസം, സോളാര്‍ പദ്ധതികള്‍ക്കായാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ആലപ്പുഴ ജില്ലയിലെ ഭൂമിയില്‍ കെആര്‍ഇഎംഎല്‍ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടല്‍ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നല്‍കാന്‍ യോഗം വിളിച്ചു. നിയമങ്ങളില്‍ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വച്ചു.
മുഖ്യമന്ത്രി ഇടപെട്ടു തുടങ്ങിയശേഷം കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നല്‍കിയതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പുതിയ ജില്ലാ സമിതി പരിശോധിച്ചശേഷം 2022 ജൂണില്‍ അപേക്ഷയ്ക്ക് അനുമതി നല്‍കി. ഭൂമിക്ക് ഇളവു നല്‍കിയാല്‍ ഹെക്ടറിന് 20 പേര്‍ക്കാണ് നിയമപ്രകാരം തൊഴില്‍ ലഭിക്കേണ്ടത്. 1000 പേര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട സ്ഥാനത്ത് കമ്പനി പറഞ്ഞത് 100 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ്. മുഖ്യമന്ത്രി നിയമത്തെ മറികടന്ന് കമ്പനിക്കായി ഇടപെടല്‍ നടത്തിയെങ്കിലും കേസ് ഉള്ളതിനാല്‍ ഭൂമി അനുവദിക്കാന്‍ കഴിയില്ലെന്ന് റവന്യൂവകുപ്പ് നിലപാെടടുത്തു. കമ്പനിക്ക് ഇതിനെതിരെ കോടതിയില്‍ പോകാമെന്നും ജില്ലാ സമിതി ശുപാര്‍ശ ചെയ്തതിനാല്‍ ഭൂമി കൊടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കമ്പനിക്ക് കരിമണല്‍ ഖനത്തിനു ലഭിച്ച കരാര്‍ 2004ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. വിഎസ് സര്‍ക്കാരും സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് അനുവാദം നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ആ നയം പിന്തുടര്‍ന്നു. കരാര്‍ റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍നിന്നും സര്‍ക്കാരിന് അനുകൂലമായി തീരുമാനമുണ്ടായെങ്കിലും പിണറായി സര്‍ക്കാര്‍ കരാര്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തി. അത് എന്തിനാണെന്ന് സിപിഎമ്മോ മുഖ്യമന്ത്രിയോ ഇതുവരെ മറുപടി നല്‍കിയില്ല. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നിസാരവിലയ്ക്ക് പിണറായി സര്‍ക്കാര്‍ കമ്പനിക്ക് നല്‍കി. 53 ലക്ഷം ടണ്‍ മണല്‍ അവിടെനിന്ന് നീക്കി എന്നാണ് സമര സമിതി പറയുന്നത്. മുഖ്യമന്ത്രി മുന്‍കൈ എടുത്താണ് തോട്ടപ്പള്ളിയില്‍നിന്ന് മണല്‍ നല്‍കാന്‍ തീരുമാനിച്ചത്. 40000 കോടിയുടെ മണല്‍ തോട്ടപ്പള്ളിയില്‍നിന്ന് ഖനനം ചെയ്തു. തന്റെ ആരോപണങ്ങള്‍ക്ക് വ്യവസായ വകുപ്പോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.