മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ കൂടുന്നു; കാരണമാകുന്നത് കടുത്ത സമ്മര്‍ദ്ദം, പ്രവണത പഠനവിധേയമാക്കണമെന്ന് ആവശ്യം

By priya.06 12 2023

imran-azharബി.വി. അരുണ്‍ കുമാര്‍

 

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗം പോലുള്ള പ്രൊഫഷണല്‍ രംഗത്ത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യതോത് കൂടുന്നത് ആശങ്കയ്ക്ക് വഴി വയ്ക്കുന്നു. സമ്മര്‍ദ്ദവും അതിനെ തുടര്‍ന്നുണ്ടാകുന്ന വിഷാദ രോഗവുമാണ് ഇവിടെ വില്ലനാകുതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 


ഇന്നത്തെ സാമൂഹിക ജീവിത ചുറ്റുപാടില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പൊതുവെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഭയമാണെന്ന് വിദഗ്ധര്‍ പറയുന്നു. കുഞ്ഞുനാള്‍ മുതല്‍ വീടുകളില്‍ നിന്നും മികച്ച പരിചരവും ലാളനയുമേറ്റ് വളരുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ രംഗം പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേരുമ്പോള്‍ അധ്യാപകരുടെ ശകാരം പോലും താങ്ങാനാകാത്ത സ്ഥിതിയുണ്ട്.

 

അവരിലെ വ്യക്തിത്വത്തിന് ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ലെതന്നാണ് വസ്തുത. ഇത്തര സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇവര്‍ക്ക് സമ്മര്‍ദ്ദം കൂടുന്നു.

 

ചിലര്‍ പഠനം പകുതിവഴിയില്‍ ഉപേക്ഷിച്ചു പോകും. ഇത്തരമൊരു പ്രവണത ഇതാദ്യമല്ല. ഇത്തരം കാര്യങ്ങള്‍ പഠനവിധേയമാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

 

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമ്മര്‍ദ്ദം പലവിധത്തിലാണ്. കുടുംബ പ്രശ്‌നം, പഠനത്തിലെ പ്രശ്‌നം, കൂട്ടുകാരുമായുള്ള പ്രശ്‌നം, സാമ്പത്തിക പ്രശ്‌നം, ഇവയെല്ലാം സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. 18 വയസാകുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ എംബിബിഎസിനു ചേരുന്നത്.

 

ഹൗസ് സര്‍ജന്‍സി ഉള്‍പ്പെടെ അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ക്ക് 23 വയസ് പൂര്‍ത്തിയാകും. ഇതിനിടയില്‍ പല കുട്ടികളും വിവാഹിതരുമാകും.

 

ഇതോടെ കുറച്ച് ബ്രേക്കെടുത്ത ശേഷമാണ് വിദ്യാര്‍ത്ഥികളില്‍ അധികവും പോസ്റ്റ് ഗ്രാജ്വേഷന് ജോയിന്‍ ചെയ്യുന്നത്. ഈസമയം അവര്‍ അമ്മമാരും പിതാക്കന്‍മാരും ആയിട്ടുണ്ടാകാം.

 

കുടുംബവുമായി അറ്റാച്ച്‌മെന്റുള്ളവര്‍ക്ക് ഒരുപക്ഷേ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചെന്നു വരില്ല. പോസ്റ്റ് ഗ്രാജ്വേറ്റ് എന്നു പറയുന്നത് വളരെ കഷ്ടപ്പെട്ടു പഠിക്കേണ്ട ഒന്നാണെന്നും അങ്ങനെ പഠിച്ചാല്‍ മാത്രമേ നല്ലൊരു ഡോക്ടറാകാന്‍ സാധിക്കൂവെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

 

ചില ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഈ പഠനകാലയളവില്‍ 48 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ഒരുപക്ഷേ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് താങ്ങാനായെന്നു വരില്ല.

 

വാര്‍ഡുകളിലൊക്കെ നന്നായി ജോലി ചെയ്തും കേസുകള്‍ പലതും കണ്ടു പഠിച്ചാല്‍ മാത്രമേ ഭാവിയില്‍ നല്ലൊരു ഡോക്ടറായി മുന്നോട്ടു പോകാനാകൂ. എന്നാല്‍ പലര്‍ക്കും പല കാരണങ്ങള്‍ കാരണം അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെതാണ് വസ്തുതയെന്നും വിദഗ്ധര്‍ പറയുന്നു.

 

സംസ്ഥാനത്ത് ഓരോ ബാച്ചിലും കുറഞ്ഞത് 10 ശതമാനം പേരെങ്കിലും സമ്മര്‍ദ്ദം താങ്ങാനാകാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

മാനസിക ശാരീരിക ഉല്ലാസങ്ങള്‍ക്കുള്ള സമയ കുറവും ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു കാരണമാണ്. വ്യക്തിപരമായ വെല്ലുവിളികളെ നേരിടുന്നതില്‍ പരാജയപ്പെടുന്ന മാനസികാവസ്ഥ അവര്‍ക്കുണ്ടാകാറുണ്ട്.

 

വിദ്യാര്‍ത്ഥികളില്‍ സമൂഹത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഉണ്ടാകുന്ന അമിതമായ പ്രതീക്ഷ ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനൊപ്പം ഉയരാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ സമ്മര്‍ദ്ദം കൂടാറുണ്ട്.

 

ശക്തമായ അടിത്തറയുള്ള കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടെങ്കില്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാമെന്നും വിദഗ്ധര്‍ പറയുു. ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാനാകാതെ വരുമ്പോഴാണ് കുട്ടികള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത്.

 

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഡോക്ടര്‍മാരുടെ സമൂഹത്തിന് മാത്രമല്ല പൊതുസമൂഹത്തിനും സര്‍ക്കാരിനും കുടുംബാംഗങ്ങള്‍ക്കും തീര്‍ച്ചയായും ഉത്തരവാദിത്വമുണ്ട്.

 

 

OTHER SECTIONS