/kalakaumudi/media/post_banners/b12cde55e9af9d1c524f030800f88b2fa68ec77af491c25a2bbc4882a7504c02.jpg)
എറണാകുളം: സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗികാതിക്രമത്തിന് ഇരയാവുന്നുണ്ടെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പുരുഷന്മാർ ആക്രമിക്കപ്പെടാനുള്ള സാധ്യത അവഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന ആൺകുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയായവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകളെ മാത്രം അനുവദിക്കുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്ത്രീകളെ പോലെ തന്നെ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന പുരുഷന്മാരുടെ എണ്ണത്തിലും വർദ്ധനവ് വരുന്നുണ്ട്. നിലവിലെ പ്രോട്ടോകോൾ, അതിക്രമത്തിന് ഇരയായവരെ പിന്തുണയ്‌ക്കുന്നതിനും സഹായിക്കുന്നതിനുമായുള്ളതാണെന്ന് നിരീക്ഷിച്ച കോടതി ലൈംഗികാതിക്രമത്തിൽ ഇരയായ പുരുഷന്മാരെ പിന്തുണയ്‌ക്കുന്ന പ്രോട്ടോകോളും പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി.
നിലവിലെ നിയമം തെറ്റായി കണക്കാക്കാൻ സാധിക്കില്ല, എങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുകയാണെങ്കിൽ പരിഹരിക്കാനാകുമെന്ന് കരുതുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.അതെസമയം കേസ് മാർച്ച് 5ന് വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.