ഇനി മിമിക്രിയും സര്‍ക്കാര്‍ അംഗീകൃത കലാരൂപം

ഇനി മിമിക്രിയും സര്‍ക്കാര്‍ അംഗീകൃത കലാരൂപം. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച പട്ടികയിലാണ് മിമിക്രിയെ ഉള്‍പ്പെടുത്തിയത്.

author-image
Web Desk
New Update
ഇനി മിമിക്രിയും സര്‍ക്കാര്‍ അംഗീകൃത കലാരൂപം

തിരുവനന്തപുരം: ഇനി മിമിക്രിയും സര്‍ക്കാര്‍ അംഗീകൃത കലാരൂപം. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച പട്ടികയിലാണ് മിമിക്രിയെ ഉള്‍പ്പെടുത്തിയത്. ഇനി മുതല്‍ മിമിക്രിയും ഒരു കലാരൂപമാണ്. മിമിക്രി കലാകാരന്മാരുടെ പത്ത് വര്‍ഷമായുള്ള കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ടാണ് മിമിക്രിയെ സര്‍ക്കാര്‍ കലാരൂപമായി അംഗീകരിക്കുന്നത്. ഇതോടെ മറ്റ് കലാരൂപങ്ങള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങളിലും ക്ഷേമപദ്ധതികളിലും മിമിക്രി കലാകാരന്മാരെയും പരിഗണിക്കും.

സംഗീതം, നാടകം, നൃത്തരൂപങ്ങള്‍, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക, ക്ഷേത്രകലകള്‍, എന്നിവയാണ് അംഗീകരിച്ച കലാരൂപങ്ങള്‍.

ഒരു കാലത്ത് പള്ളിപറമ്പുകളിലും ഉത്സവ പറമ്പുകളിലും ഏറെ സജീവമായി ഉണ്ടായിരുന്ന കലാരൂപമാണ് മിമിക്രി. പാട്ടുരൂപേണയും ശബ്ദ രൂപേണയും കലാരംഗത്തുള്ളവരെയും രാഷ്ട്രീയ രംഗത്തുള്ളവരെയും ജനമനസുകളുടെ ഇടയില്‍ ഇന്നും നിലനിര്‍ത്തുന്നത് മിമിക്രി കലാകാരന്മാരാണ്. ഭൂമിയില്‍ നിന്നും വിടപറഞ്ഞ പല മഹത് വ്യക്തികളും ഇന്നും മിമിക്രി കലാകാരന്മാരിലൂടെയാണ് ജിവിക്കുന്നത്.

എന്നാല്‍ മിമിക്രിയിലൂടെ സിനിമയില്‍ വന്നവരും ഒട്ടനവധിയാണ്. എന്നിരുന്നാലും മിമിക്രി കലാകാരന്മാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇതിന് ആശ്വാസം പകരുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

Latest News kerala news mimicry