/kalakaumudi/media/post_banners/5c1a1c6e4a26b6fc98a34b91e3dff590e12050c585608800551a549aa756a267.jpg)
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
സബ് ഇന്‍സ്‌പെക്ടര്‍ ഭൂപേന്ദ്ര സിങിനെയാണ് പിരിച്ചുവിട്ടത്. ജയ്പൂര്‍ റേഞ്ച് ഐ.ജി ഉമേഷ് ദത്ത അതിനുള്ള ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയതായി ഡിജിപി ഉമേഷ് മിശ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പീഡന കേസില്‍ നേരത്തെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സസ്‌പെന്‍ഷനും നല്‍കി.പ്രതിക്കെതിരെ പോക്‌സോ വകുപ്പുകളും പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദൗസയിലെ ലാല്‍സോട്ടിലാണ് സംഭവം. വിവരം പുറത്തു വന്നതിന് പിന്നാലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഒരു മുറിയിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
സംഭവം നടന്ന ദിവസം തന്നെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് ജയ്പൂര്‍ റൂറല്‍ ഐ.ജിക്ക് കൈമാറുകയും ചെയ്തു. പീഡനത്തിന് ഇരയായ നാല് വയസുകാരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
അഡീഷണല്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെന്നും കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തതായും ദൗസ എസ്.പി വന്ദിത റാണ പറഞ്ഞു.