/kalakaumudi/media/post_banners/db2c64d5183704d1f999f966805e1e9e81fb5508688b499c7ecd2392b6b13c4a.jpg)
വയനാട്: കാട്ടാന ബേലൂർ മഖ്‌നയെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഏഴാം ദിവസത്തിലേയ്ക്ക്.അടുത്തടുത്ത് സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ് ആന. ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യത്തിന് വെല്ലുവിളിയാവുന്നുണ്ട്.
ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലകസംഘവുമുൾപ്പെടെ 225 പേരാണ് നിലവിൽ ആനയ്ക്കായി തിരച്ചിൽ തുടരുന്നത്. ഇതിനുപുറമേ കുങ്കിയാനകളെയും ഡ്രോൺ ക്യാമറകളെയും ദൗത്യസംഘം പ്രയോജനപ്പെടുത്തുന്നുണ്ട്.
നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നത് മറ്റൊരു പ്രതിസന്ധിയാണ്.ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കൂ.മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്‌നയെ എത്തിക്കണമെന്നതാണ് വനംവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.
വെള്ളിയാഴ്ചയും ആനയുടെ തൊട്ടടുത്ത് വരെ ദൗത്യ സംഘം എത്തിയെങ്കിലും വെടിവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള അനുകൂല സാഹചര്യം ലഭിച്ചില്ല. തുടർന്ന് ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചു. റവന്യു അധികാരികളും പൊലീസും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദൗത്യം ഫലം കാണാതെ വന്നതോടെ നാട്ടുകാർ പ്രതിഷേധമുയർത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ അൽപനേരം തടഞ്ഞ് വച്ചിരുന്നു.