ചൈനയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് മൂഡീസ്

By web desk.07 12 2023

imran-azhar

 

ബെയ്ജിങ്: ചൈനയുടെ വളര്‍ച്ച അനുമാനം വെട്ടിക്കുറച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. വളര്‍ച്ചാ നിരക്കിലെ മെല്ലപ്പോക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വെല്ലുവിളികളും ചൈനയുടെ തകര്‍ച്ചയ്ക്ക് കാരണമായതായി ഏജന്‍സി ചൂണ്ടിക്കാട്ടി. താഴ്ന്ന ഇടത്തരം സാമ്പത്തിക വളര്‍ച്ചയുടെയും, വര്‍ദ്ധിച്ചുവരുന്ന കടത്തിന്റെയും പശ്ചാത്തലത്തിലാണ് മൂഡീസിന്റെ നടപടി.

 

കടക്കെണിയില്‍ അകപ്പെട്ട പ്രാദേശിക സര്‍ക്കാറുകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കേണ്ടിവരുമെന്നത് ചൈന നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത് ചൈനയുടെ സാമ്പത്തിക നില കുറയുന്നതിനും ഇടയാക്കും. രാജ്യത്തെ പ്രവിശ്യകളിലെ കടം 12.6 ട്രില്യണ്‍ യുഎസ് ഡോളറാണെന്ന് ഐഎംഎഫ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

 

അതേസമയം, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഉടന്‍ തന്നെ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നും, പ്രാദേശിക സര്‍ക്കാറുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുമെന്നും ചൈന വ്യക്തമാക്കി.

 

ചൈനയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചതിനോടൊപ്പം, 2024ലും, 2025ലും രാജ്യത്തിന്റെ വാര്‍ഷിക ജിഡിപി വളര്‍ച്ച 4.00 ശതമാനമായിരിക്കുമെന്നും മൂഡീസ് അറിയിച്ചു. കൂടാതെ, 2026 മുതല്‍ 2030 വരെ ചൈനയുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച ശരാശരി 3.8 ശതമാനമായി ചുരുങ്ങുന്നതാണ്. അന്താരാഷ്ട്ര നാണയനിധിയുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, പ്രാദേശിക സര്‍ക്കാരുകളുടെ കടം 92 ട്രില്യണ്‍ യുവാന്‍ ആണ്.

 

 

 

OTHER SECTIONS