നവകേരള സദസിൽ ലഭിച്ചത് 6 ലക്ഷത്തിലധികം പരാതികൾ; പരിഹരിക്കാന്‍ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് പരി​ഗണനയിൽ

ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ എറണാകുളത്ത് കൂടി സദസ് നടക്കാനുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷമാകും ലഭിച്ച പരാതികളും പരിഹരിച്ച പരാതികളുടെയും കണക്കുകൾ ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിക്കുക.

author-image
Greeshma Rakesh
New Update
 നവകേരള സദസിൽ ലഭിച്ചത് 6 ലക്ഷത്തിലധികം പരാതികൾ; പരിഹരിക്കാന്‍ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് പരി​ഗണനയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ പ്രശ്നപരിഹാരത്തിനായി വന്നത് ആറു ലക്ഷത്തിലധികം പരാതികൾ.14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സർക്കാരിന് ലഭിച്ചത്.എന്നാൽ ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്നത് സംബന്ധിച്ച കണക്ക് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല.

ഏറ്റവും അധികം പരാതി കിട്ടിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം നവ കേരള സദസ്സിന് മുന്നിൽ എത്തിയത്.61,204 പരാതികൾ വന്ന പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയില്‍ നിന്ന് 23610, ആലപ്പുഴയില്‍ നിന്ന് 53044, തൃശൂരില്‍ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയില്‍ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരില്‍ നിന്ന് 28803, കാസർഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ ആകെ കണക്ക്.

അതെസമയം പരാതികൾ പരിഹരിക്കാൻ സ്പെഷ്യൽ ഓഫീസർമാരെ അടിയന്തിരമായി നിയമിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ എറണാകുളത്ത് കൂടി സദസ് നടക്കാനുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷമാകും ലഭിച്ച പരാതികളും പരിഹരിച്ച പരാതികളുടെയും കണക്കുകൾ ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിക്കുക.

നവംബർ 18ന് കാസർഗോട്ടു നിന്ന് ആരംഭിച്ച നവകേരള യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളും ചുറ്റി ഡിസംബർ 23നാണ് തിരുവനന്തപുരത്ത് സമാപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് ഒരു ബസിൽ കേരളത്തിലുടനീളം ചുറ്റുന്നത് ചരിത്രത്തിലാദ്യമായാണ്.

pinarayi vijayan navakerala sadas kerala government ldf