ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും അത് ഫലം കണ്ടില്ല.

author-image
Greeshma Rakesh
New Update
ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. എത്തിക്സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു .ഇതിനു പിന്നാലെയാണ് പുറത്താക്കൽ. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും അത് ഫലം കണ്ടില്ല.

അതെസമയം എത്തിക്സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാർലമെന്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മഹുവ പ്രതികരിച്ചു.തെളിവില്ലാതെയാണ് തന്നെ പുറത്താക്കിയതെന്നും മഹുവ ആരോപിച്ചു. റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രിയാണ് അവതരിപ്പിച്ചു.

റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തുവന്നു. ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി സഭയിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോണ്‍കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്.മാത്രമല്ല എത്തിക്സ് കമ്മറ്റി റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ ഓം ബിർല അനുവദിച്ചില്ല.

പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഉച്ചക്ക് രണ്ടുവരെ നിർത്തിവച്ചിരുന്നു. നേരത്തെ, വിഷയം സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി. പിന്നാലെ സഭ പിരിഞ്ഞു. മഹുവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വെള്ളിയാഴ്ച 12ന് സഭ ചർച്ചയ്ക്ക് എടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. റിപ്പോർട്ട് എടുക്കുമ്പോൾ സംസാരിക്കാൻ അനുവദിക്കാമെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

മഹുവയെ പുറത്താക്കിയ നടപടിയെ എതിർക്കുമെന്ന് ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിരുന്നു. ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച തന്നെ ഇത് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. വിഷയത്തിൽ വിപുലമായ ചർച്ച ആവശ്യമാണെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു മഹുവ രണ്ടു കോടി രൂപയും മറ്റ് ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണു വിവാദം.

എന്നാൽ തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു കൈമാറിയിരുന്നെന്നും എന്നാൽ ഇതിന്റെ‌ പേരിൽ പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മഹുവ പറഞ്ഞത്.

വിവാദത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കണമെന്ന ശുപാര്‍ശ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് അംഗീകരിച്ചു. മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്.

mp mahua moitra bribery for the question controversy lok sabha