/kalakaumudi/media/post_banners/832335198a260e84ffef3b491493556f70ebbb68e655803c33fbf42e140b86f6.jpg)
തിരുവനന്തപുരം: ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച 'മ്യൂസിയം ഓഫ് ദ മൂണ്‍' കാണാന്‍ കനകക്കുന്നിലേക്ക് ചൊവ്വ രാത്രി ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയുടെ പ്രദര്‍ശനം ജിഎസ്എഫ്കെ സംഘാടകസമിതി ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ആധുനിക ഗവേഷണത്തിനൊപ്പം കണ്ടുപിടുത്തങ്ങളെ ഉല്‍പന്നമാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കാണ് സയന്‍സ് പാര്‍ക്കുകളിലൂടെ കേരളം ലക്ഷ്യംവയ്ക്കുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ആ ലക്ഷ്യം പൂര്‍ണമായും സഫലമാകാനും ലോകത്തിനൊപ്പം മുന്നോട്ടുപോകാനും സയന്റിഫിക്കായ ചിന്താപദ്ധതി ആവശ്യമാണെന്നും അതിനുള്ള മുന്നൊരുക്കമാണ് വരാനിരിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക് ജെറം, മേയര്‍ ആര്യ രാജേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം.സി ദത്തന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജിഎസ്എഫ്കെ ജനറല്‍ കണ്‍വീനറുമായ ഡോ. കെ.പി. സുധീര്‍, കെഎസ്സിഎസ്ടിഇ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, ജിഎസ്എഫ്കെ സയന്‍സ് കണ്‍വീനര്‍ ഡോ. വൈശാഖന്‍ തമ്പി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. ജി. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തല്‍സമയ സംഗീതാവതരണവും ചാന്ദ്രമിത്തുകളെപ്പറ്റിയുള്ള ചര്‍ച്ചകളും കാവ്യാലാപനങ്ങളുമായി ദി റീഡിംഗ് റൂം, സ്‌കെച് വാക്കുമായി ഡിസൈനര്‍ കമ്യൂണിറ്റി, രാത്രികാല ഫോട്ടോഗ്രാഫിയുമായി ദി ഡൈയിംഗ് ആര്‍ട് കളക്ടീവ് എന്നിവരും രാവിനെ സജീവമാക്കി. കാണികള്‍ക്കായി സെല്‍ഫി മല്‍സരവും സംഘാടകര്‍ ഒരുക്കിയിരുന്നു.
ചന്ദ്രന്റെ അനവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് 'മ്യൂസിയം ഓഫ് ദ മൂണ്‍'. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങളാണ് പ്രതലത്തില്‍ പതിച്ചിരിക്കുന്നത്. അവ ചേര്‍ത്ത് ഹൈ റെസൊല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോണമി സയന്‍സ് സെന്ററിലാണ്. ഓരോ സെന്റീമീറ്ററിലും അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമെന്ന അനുപാതമാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്.
ഭൂമിയില്‍നിന്ന് കാണാനാകാത്ത ചന്ദ്രോപരിതലത്തിന്റെ മറുപുറം ഉള്‍പ്പെടെ തനിരൂപത്തില്‍ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂണ്‍ ഒരുക്കിയത്. ഏഴുമീറ്റര്‍ വ്യാസമുള്ള ഈ ചാന്ദ്രഗോളം പ്രകാശിക്കുന്ന ചന്ദ്രന്‍ കണ്‍മുന്നില്‍ നില്‍ക്കുന്ന അനുഭവം നല്‍കി. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ ഡാന്‍ ജോണ്‍സ് ചിട്ടപ്പെടുത്തിയ സംഗീതം പ്രദര്‍ശനത്തിന് പശ്ചാത്തലമൊരുക്കി.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">