/kalakaumudi/media/post_banners/afd38310032cfd728d8756419fface495aac06153d26aa9753955e75dd3ed785.jpg)
ന്യൂഡല്‍ഹി: ഗ്യാന്‍വ്യാപി, മഥുര മസ്ജിദുകള്‍ മുസ്ലീംങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് രാം ജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. തര്‍ക്കങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കാന്‍ മുസ്ലീം വിഭാഗം ഇരു പള്ളികളും വിട്ടുനല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി പ്രശ്‌നങ്ങള്‍ സൗമ്യമായി പരിഹരിച്ചാല്‍ ഹിന്ദുക്കള്‍ മറ്റ് ക്ഷേത്രങ്ങള്‍ തേടിപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
' ഞങ്ങള്‍ക്ക് ഭാവിയിലാണ് ജീവിക്കേണ്ടത്, ഭൂതകാലത്തല്ല. അതുകൊണ്ട് അയോധ്യ, ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി എന്നീ ക്ഷേത്രങ്ങള്‍ സ്വതന്ത്രമാകുകയാണെങ്കില്‍ മറ്റ് ക്ഷേത്രങ്ങളിലേക്ക് നോക്കാന്‍ പോലും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ ഭാവി നല്ലതായിരിക്കണം. ഈ മൂന്ന് ക്ഷേത്രങ്ങളും സമാധാനപരമായി ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ മറ്റെല്ലാ കാര്യങ്ങളും മറക്കും' എന്ന് ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.
ഈ മൂന്ന് ക്ഷേത്രങ്ങളും തകര്‍ത്തത് അധിനിവേശക്കാരുടെ ആക്രമണത്തിന്റെ ഏറ്റവും വലിയ മുറിവാണെന്നും മുസ്ലീംങ്ങള്‍ ഈ വേദന മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഗള്‍ ചക്രവര്‍ത്തിമാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് മസ്ജിദുകള്‍ നിര്‍മിക്കുകയായിരുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം. ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഗ്യാന്‍വാപി മസ്ജിദ് പണിതതെന്ന് ആര്‍ക്കിയോളജിക്കള്‍ സര്‍വ്വെ ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് പള്ളിക്കുള്ളില്‍ പൂജ ചെയ്യാനുള്ള അനുമതി വാരണാസി കോടതി നല്‍കുകയും പൂജ നടത്തുകയുമായിരുന്നു.