/kalakaumudi/media/post_banners/41ad7596a094305a38a066f25038bf73059041069cc1dd76d99fd3fe613ee51a.jpg)
തിരുവനന്തപുരം: മുസ്ലിം സംവരണത്തില്‍ രണ്ട് ശതമാനം കുറയ്ക്കുന്നതിനെരെ പ്രക്ഷോഭം നടത്താന്‍ ഒരുങ്ങി സംഘടനകള്‍. സര്‍ക്കാര്‍ സര്‍വീസില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനായാണ് മുസ്ലിം സംവരണം കുറയ്ക്കുന്നത്.
മുസ്ലിംകള്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ 10 ശതമാനവും മറ്റു തസ്തികകളില്‍ 12 ശതമാനവുമാണ് സംവരണം. ഭിന്നശേഷി സംവരണം 4 ശതമാനമാക്കിയപ്പോഴാണ് മുസ്ലിം സംവരണം 2 ശതമാനമാക്കി കുറച്ചത്. 1978 മുതല്‍ മുസ്ലിം സംവരണം ലഭിക്കുന്നുണ്ടായിരുന്നു.
2019 ല്‍ ഭിന്നശേഷി സംവരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പിന്നീട് നിയമസഭയില്‍ ടി വി ഇബ്രാഹിം ഇക്കാര്യം ഉന്നയിച്ചിരുന്നു. അന്ന് പരിശോധിച്ച് പരിഹാരം കാണുമെന്ന് മന്ത്രി ആര്‍ ബിന്ദു ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ആ ഉറപ്പ് പാലിക്കാതെ മുസ്ലിം സംവരണത്തില്‍ രണ്ട് ശതമാനം കുറയുന്ന തരത്തില്‍ ഉത്തരവിറക്കുകയായിരുന്നു.
പിഎസ്‌സി നിയമനം ടേണുകളായാണു നടത്തുന്നത്. ഭിന്നശേഷിക്കാരുടെ സംവരണത്തിന് കണ്ടെത്തിയ ടേണുകളില്‍ രണ്ട് എണ്ണം പൊതു വിഭാഗവും രണ്ട് എണ്ണം മുസ്ലിം ടേണുമായി. 1, 26, 51, 76 ടേണുകളാണ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കിയത്. പി എസ് സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് അനുസരിച്ച് ഒന്നും 51 ഉം ഓപ്പണ്‍ കോട്ടയിലാണ് വരുന്നതെങ്കില്‍ 26 ഉം 76 ഉം മുസ്ലിം ടേണാണ്. ഭിന്നശേഷി സംവരണത്തിന് നേരത്തെ നടപ്പാക്കിയ ടേണ്‍ അശാസ്ത്രീയമെന്ന് മനസ്സിലാക്കിയാണ് പി എസ് സി പുതിയ ടേണ്‍ സംവിധാനം കൊണ്ടുവന്നത്. അതു പിഴ നിറഞ്ഞതായതിനാല്‍ മാറ്റണമെന്നായിരുന്നു ഇബ്രാഹിമിന്റെ ആവശ്യം.
2001ലെ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്ലിംകളുടെ സംവരണ അനുപാതം 12 ശതമാനത്തില്‍ എത്താന്‍ 7383 നിയമനങ്ങളുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2008 ലെ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും ഇതുശരിവച്ചു.
ബാക്ക് ലോഗ് പരിഹരിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ ഇപ്പോള്‍ നിലവിലുള്ള സംവരണ തോതുകൂടി കുറയ്ക്കുകയാണെന്നാണ് സംഘടനകളുടെ ആക്ഷേപം. സമുദായത്തിന് അര്‍ഹമായ 2 ശതമാനം കൂടി വെട്ടി കുറച്ച സര്‍ക്കാര്‍ നടപടി ഉടന്‍ തിരുത്തണമെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് പി നസീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഖ്‌നസ് എന്നിവര്‍ ആവശ്യപ്പെട്ടു.
നിയമസഭയിലെ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ ഉത്തരവ് തിരുത്തുന്നതുവരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും സംഘടനകള്‍ അറിയിച്ചു.