
തിരുവനന്തപുരം: മന്ത്രിസഭയുടെ യാത്രയ്ക്ക് ഇനി ബെന്‍സിന്റെ പുതിയ ബസും ഉണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് ഒരു ബസില്‍ 140 മണ്ഡലങ്ങളിലേക്കും യാത്ര ചെയ്യുന്നതിനായാണ് പുതിയ ബസ് എത്തുക.ചെറിയ അടുക്കള, ശുചിമുറി, യോഗം ചേരാനുള്ള മുറി, മുഖ്യമന്ത്രിക്കുള്ള പ്രത്യേക കാബിന്‍ എന്നിവ ഉള്‍പ്പെട്ടതാണ് ബസ്.
ബെംഗളൂരുവില്‍ ഭാരത് ബെന്‍സില്‍ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് എത്തിയതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ ആദ്യവാരം തന്നെ ബസ് തിരുവനന്തപുരത്തെത്തും. മന്ത്രിസഭയുടെ നവകേരള സദസിനായുള്ള യാത്ര 18 നാണ് ആരംഭിക്കുന്നത്. ഒരുമാസവും ഒരാഴ്ചയും നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസി ഈ ബസ് പിന്നീട് തങ്ങളുടെ ഹൈ ക്ലാസ് സര്‍വീസിന് ഉപയോഗിക്കും. അതേസമയം, ബസിന്റെ വിലയും മറ്റു വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സ്വിഫ്റ്റ് ജീവനക്കാരുടെ പണം ശേഖരിച്ച് വാങ്ങിച്ച ഹൈബ്രിഡ് ബസായിരുന്നു ആദ്യം ഇതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് മന്ത്രിസഭയുടെ യാത്രയ്ക്ക് വീണ്ടും പൊളിച്ച് പണിയേണ്ടി വരും. ഇത് ചെലവ് കൂട്ടും. ഈ സാഹചര്യത്തിലാണ് പുതിയ ബസ് വാങ്ങാന്‍ തീരുമാനിച്ചത്.