വണ്ടിപ്പെരിയാര്‍ കേസ്; പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

author-image
anu
New Update
വണ്ടിപ്പെരിയാര്‍ കേസ്; പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേര്‍ക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി പെണ്‍കുട്ടിയുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാന്‍ കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും വിചാരണയില്‍ പ്രതി ശിക്ഷിക്കപ്പെടാത്തതില്‍ പ്രോസിക്യൂഷന്‍ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. പുതിയ പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.

വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കേസിലെ പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുന്‍ സുന്ദറിനെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതില്‍ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകള്‍ വിലയിരുത്തിയില്ലെന്നുമാണ് അപ്പീലില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നിരുന്നു.

2021 ന് ജൂണ്‍ 30 നായിരുന്നു ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അര്‍ജുന്‍ സുന്ദറിനെ അറസ്റ്റ് ചെയ്തത്.

 

Latest News kerala news