/kalakaumudi/media/post_banners/852689c570c8e15d8b6feb0efe1523f9cc833c7a39430b3555c4740fd8a23cfe.jpg)
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍.ഐ.എ. കേസിൽ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതിയെന്നും ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്നും എ.എ.പി.എ. ചുമത്തിയ കുറ്റപത്രത്തില്‍ എ.എന്‍.ഐ. പറയുന്നു. കൊച്ചി എന്‍.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് ഇയാളെ തിരിച്ചറിയാതിരിക്കാനാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ജനങ്ങളെ ഭീതിയിലാക്കുക എന്നതായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ലക്ഷ്യം. ഓണ്‍ലൈന്‍ വഴി പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപ്രചാരകരെയടക്കം ഇയാള്‍ പിന്തുടരുകയും ഇവരുടെ പ്രസംഗങ്ങൾ നിരന്തരമായി കേള്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്വയമേയാ ആണ് ഇയാള്‍ കൃത്യം ചെയ്യാന്‍ തീരുമാനിച്ചത്. കൊലപാതകമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നു.
ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചിന് പ്രതി തീവെക്കുകയായിരുന്നു. സംഭവത്തില്‍ ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഒമ്പത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റെയില്‍വേ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.