കണ്ണൂര്‍: പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസില്‍ അറസിലായ ഒന്നാം പ്രതി സവാദിന് ഒളിവില്‍ കഴിയാന്‍ കണ്ണൂരില്‍ സഹായം ലഭിച്ചു. എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മട്ടന്നൂരില്‍ സവാദിന് താമസസൗകര്യവും ജോലിയും തരപ്പെടുത്താന്‍ എസ് ഡി പി ഐ സഹായിച്ചെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. സവാദിന് സഹായം നല്‍കിയവരിലേക്കും അന്വേഷണം എത്തുന്നു. ഇവര്‍ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന.
ഷാജഹാന്‍ എന്ന പേരിലായിരുന്നു പ്രതി ഒരു വര്‍ഷത്തോളമായി മട്ടന്നൂരിനടുത്ത പരിയാരം ബേരത്ത് താമസിക്കുന്നത്. ആശാരിപ്പണിയാണ് ഇവിടെ ചെയ്തിരുന്നത്. പ്രാദേശികമായ സഹായം ലഭിക്കാതെ ജോലിയും വാടക വീടും തരപ്പെടുത്താന്‍ കഴിയില്ല. പ്രതിക്ക് പ്രാദേശികമായി സംരക്ഷണം ഒരുക്കിയത് ആരാണെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
റിയാസ് എന്ന വ്യക്തിയുടെ കീഴിലായിരുന്നു ഷാജഹാന്‍ മരപ്പണി ചെയ്തിരുന്നത്. റിയാസ് എസ് ഡി പി ഐ പ്രവര്‍ത്തകനാണ്. കൂടെ ജോലി ചെയ്തിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. ഇവര്‍ക്ക് ഷാജഹാനെ സംബന്ധിച്ച് കൂടുതലൊന്നും അറിയില്ല.
കഴിഞ്ഞ ദിവസം സവാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സിം കാര്‍ഡും പിടികൂടിയിരുന്നു. സവാദിനെ കോടതി ബുധനാഴ്ച റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ്. തിരിച്ചറിയല്‍ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പിടികൂടിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു.
കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നം കോടതി നിര്‍ദേശിച്ചു.
2010 ജൂലായ് നാലിനായിരുന്നു തൊടുപുഴ ന്യൂമാന്‍സ് കൊളേജിലെ മലയാള വിഭാഗം പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയത്. അറസ്റ്റിലായ സവാദായിരുന്നു ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.