/kalakaumudi/media/post_banners/66ccf7b21f6fff87595804805e5dc8e75fe27e0fb2e8338161e1a80a5adc64ff.jpg)
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പ്രാഥമിക മത്സരത്തിൽ ഡോണൾഡ് ട്രംപിനെ പരാജ്യപ്പെടുത്തി നിക്കി ഹാലി. ട്രംപിനെതിരായ നിക്കിയുടെ ആദ്യ വിജയമാണിത്. വാഷിങ്ടൺ ഡിസിയിലെ മത്സരത്തിലാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിക്കി ഹാലി അട്ടിമറിച്ചത്. 62.9 ശതമാനം വോട്ട് നിക്കി നേടിയപ്പോൾ 33.2 ശതമാനം വോട്ട് മാത്രമാണ് ട്രംപിന് ലഭിച്ചത്.
നിക്കിയെ പിന്തുണച്ച വാഷിങ്ടൺ ഡിസി, 100 ശതമാനം നഗരമേഖലയും കൂടുതൽ ബിരുദധാരികളും ഉള്ളതാണ്. അതേസമയം, വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമീണമേഖലയാണ് ട്രംപിനെ പിന്തുണക്കുന്നത്.ട്രംപിൻറെ മുഖ്യ എതിരാളിയായ നിക്കി ഹാലിക്ക് സ്വന്തം സ്റ്റേറ്റായ സൗത് കരോലൈനയിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മിസൂറി, മിഷിഗൻ, ഇഡാഹോ സ്റ്റേറ്റുകളിൽ നടന്ന പ്രാഥമിക മത്സരത്തിൽ ട്രംപ് വിജയിച്ചിരുന്നു.
അതെസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ചൊവ്വാഴ്ചയോടെ സ്ഥാനാർഥിയാരെന്ന ചിത്രം തെളിയും. അന്നാണ് 15 സ്റ്റേറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ‘സൂപ്പർ ചൊവ്വ’. 874 പ്രതിനിധികളാണ് അന്ന് നിലപാട് വ്യക്തമാക്കുന്നത്.നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനാണ് സാധ്യത. ഡെമോക്രാറ്റുകൾ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ തന്നെ രംഗത്തിറക്കും.