By Web Desk.01 10 2023
നിലവില്‍ കേന്ദ്രസര്‍ക്കാരില്‍ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വ്യത്യസ്തവും നൂതനവുമായ കാഴ്ച്ചപ്പാടുകള്‍ കൊണ്ടും നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന മന്ത്രിയാണ് നിഥിന്‍ ഗഡ്ഗരി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ട് സംസ്ഥാനങ്ങളുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ ഗഡ്ഗരിക്കുള്ള കഴിവ് ഏറെ പ്രശംസനീയവുമാണ്. പലപ്പോഴും ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മികച്ച ആസൂത്രണവും സമയപരിധിക്കുള്ളിലെ നിര്‍മാണ പൂര്‍ത്തീകരണവും ഈ മന്ത്രിയെ കേന്ദ്ര ക്യാബിനറ്റിലെ മറ്റു മന്ത്രിമാരില്‍ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു.ഇന്ത്യയിലെ ദേശീയപാതാ വികസനത്തിന്റെ നട്ടെല്ലായ പദ്ധതികള്‍ വഴി ഗഡ്ഗരി ഗതാഗത രംഗത്ത് വരുത്തുന്ന മാറ്റങ്ങള്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ ഇതിനെല്ലാം ഉപരിയായി വ്യക്തിപരമായി അദ്ദേഹം രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്ന രീതി മറ്റെല്ലാവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഒരു എംപി എന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന സുതാര്യതമായ അഭിപ്രായ പ്രകടനങ്ങളും തുറന്നുപറച്ചിലും എപ്പോഴും എന്തെങ്കിലും കഴമ്പുള്ളതായിരിക്കും.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ താന്‍ നേരിടാന്‍ പോകുന്നതിനെ കുറിച്ച് ഇപ്പോഴേ അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ പരക്കെ ചര്‍ച്ചയാകുന്നത്.
സ്വന്തം മണ്ഡലമായ നാഗ്പൂരില്‍ ഇത്തവണ മത്സരിക്കുമ്പോള്‍ താന്‍ പ്രചാരണത്തിന് പോസ്റ്ററുകളോ, ബാനറുകളോ ഉപയോഗിക്കില്ലെന്നും വോട്ടിനു വേണ്ടി ആര്‍ക്കും ചായമായിക്കൊടുക്കാന്‍ തയാറല്ലെന്നും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗഡ്ഗരി.
ഒരു ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജനം വോട്ടുചെയ്യുന്നെങ്കില്‍ അതുമതിയെന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം മാത്രമാണ് മണ്ഡലത്തില്‍ അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ഒരു പക്ഷേ മന്ത്രിയെന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഉള്ള ആത്മവിശ്വാസമാകാം അദ്ദേഹത്തിന്റെ ഈ തുറന്ന പ്രഖ്യാപനത്തിന് പിന്നില്‍ എന്നു കരുതാമെങ്കിലും അതില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായ നിരവധി ഘടകങ്ങളുണ്ട്. സാധാരണ തിരഞ്ഞെടുപ്പുകളില്‍ രണ്ടു പ്രധാന പ്രശ്‌നങ്ങളാണ് നാം നേരിടുന്നത്. ഒന്ന് ശബ്ദ മലിനീകരണവും മറ്റൊന്ന് പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ചുകൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും. പ്രത്യേകിച്ചും കോടതി പോലും വിചാരിച്ചിട്ട് നിയന്ത്രിക്കാന്‍ കഴിയാത്ത് ഫ്‌ളക്‌സ് വിഷയം ഉള്‍പ്പെടെ നമ്മുടെ മുന്നിലുണ്ട്.
ദേശീയ തിരഞ്ഞെടുപ്പെന്ന വന്‍ ജനാധിപത്യമാമാങ്കം നടക്കുമ്പോള്‍ അത് അറിഞ്ഞോ, അറിയാതെയോ ഉയര്‍ത്തുന്ന വിവിധ തരത്തിലുള്ള മലിനീകരണം വളരെ വര്‍ദ്ധിച്ചതായിരിക്കും. എന്നാല്‍ ഗഡ്ഗരി മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നായി മാറുന്നത് ഈ സാഹചര്യത്തില്‍ കൂടിയാണ്. പോസ്റ്ററുകളും ബാനറുകളും ഒഴിവാക്കിയാല്‍ തന്നെ അത് വലിയ ആശ്വസമാകും.രണ്ടാമത്തെ പ്രധാന പ്രശ്‌നമായി വരുന്നത് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വഹിക്കേണ്ടി വരുന്ന ഭാരിച്ച തിരഞ്ഞെടുപ്പ് ചെലവാണ്, പോസ്റ്ററുകളും ബാനറുകളും മറ്റ് പരസ്യ പ്രചാരണങ്ങളും ഒഴിവാക്കിയാല്‍ തന്നെ ഒരു സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ചെലവ് ഏകദേശം 70% കുറയ്ക്കാവുന്നതാണ്. ഒരുപക്ഷേ തിരഞ്ഞെടുപ്പു കമ്മിഷനും ഇത്തരത്തിലൊരു നിര്‍ദ്ദേശത്തെ അത് അര്‍ഹിക്കുന്ന പരിഗണനയില്‍ കൈകാര്യം ചെയ്യാന്‍ തയാറായാല്‍ ഏകദേശം 56,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് അതിന്റെ നേര്‍ പകുതിക്കു താഴെ തുകയില്‍ ഒതുക്കാവുന്നതേയുള്ളു.
മറ്റൊന്ന് സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നാം കരുതുന്നതിനെക്കാള്‍ കൂടുതല്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട് എന്നത് പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നുള്ളതാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയകളോട് വിമുഖത കാണിക്കുന്ന യുവജനത്തെ ജനാധിപത്യ പ്രക്രിയയിലേക്കും വോട്ടിങ്ങിലേക്കും ആകര്‍ഷിക്കാന്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ആശയങ്ങളുടെ പോരാട്ടം അതുവഴി നടക്കുമ്പോള്‍ അതിനു ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നു മാത്രം. ഇങ്ങനെ എല്ലാതരത്തിലും വിപ്ലവകരമായ ഒരു നിര്‍ദ്ദേശമാണ് ഗഡ്ഗരി താന്‍ ഈ പൊതുതിരഞ്ഞെടുപ്പില്‍ അനുവര്‍ത്തിക്കും എന്നു പറയുന്നത്. ഇത്തരത്തിലുള്ള രീതികള്‍ ധീരമായി പ്രഖ്യാപിക്കാന്‍ ഒരു നേതാവിനു കഴിയുന്നതുതന്നെ തന്റെ പ്രകടനത്തില്‍ അദ്ദേഹത്തിനുള്ള ആത്മവിശ്വാസത്തെയും പ്രകടിപ്പിക്കുന്നുണ്ട്. മെരിറ്റ് നോക്കി വോട്ട് ചെയ്യണമെന്ന ആഹ്വാനമാണ് യഥാര്‍ത്ഥത്തില്‍ ഗഡ്ഗരി ഇവിടെ മുന്നോട്ടു വയ്ക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ ഏറെ പ്രസക്തമായയ ഒരു നിര്‍ദ്ദേശമായിത്തന്നെ ഇതിനെ പരിഗണിക്കാവുന്നതാണ്.