/kalakaumudi/media/post_banners/c1e0bb635a66567011895b47b95b37816d40388ada404b98196d9d3a23395b3d.jpg)
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അദ്ധ്യക്ഷനുമായ നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകുമെന്ന് അഭ്യൂഹം. തനിച്ച് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തിയതും ജെ.ഡി.യു എം.എല്‍.എമാരോട് പാട്‌നയിലെത്താന്‍ നിര്‍ദ്ദേശിച്ചതും ഇതിന്റെ സൂചനയാണെന്ന് കരുതുന്നു.
ഇതിനിടെ ബിഹാറിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി വിനോദ് താവഡെ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി അശ്വനി ചൗബെ എന്നിവര്‍ അടിയന്തരമായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
എന്നാല്‍ മറുനീക്കവുമായി ആര്‍.ജെ.ഡിയും രംഗത്തെത്തി. ജെ.ഡി.യുവിനെ ഒഴിവാക്കി മന്ത്രിസഭയുണ്ടാക്കാനുള്ള നീക്കമാണ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ജെ.ഡി.യുവില്ലാത്ത മന്ത്രിസഭയ്ക്ക് എട്ട് എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് മഹാസഖ്യത്തിന് വേണ്ടത്. ഇതിന് വേണ്ടി ജെ.ഡി.യു എം.എല്‍.എമാരെ ചാക്കിടാനുള്ള ശ്രമവും ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യം നടത്തുന്നുണ്ട്. ഇതിന് തടയിടാനായാണ് എം.എല്‍.എമാരോട് അടിയന്തരമായി പട്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്.
നിതീഷ് കുമാറിന് കളം മാറി ചവിട്ടാനുള്ള സാഹചര്യമൊരുക്കാനാണ് കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നല്‍കിയതില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ നിതീഷ് കുമാര്‍ അഭിനന്ദിച്ചിരുന്നു.
യു.പി.എ സര്‍ക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ലെന്ന് നിതീഷ് ആരോപിച്ചിരുന്നു. മാത്രമല്ല കര്‍പ്പൂരി ഠാക്കൂര്‍ ഒരിക്കലും രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന പരാമര്‍ശത്തിലൂടെ ലാലു കുടുംബത്തെ ലക്ഷ്യമിടാനും നിതീഷ് കുമാര്‍ തയ്യാറായി.
ഇതിന് ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ മറുപടി നല്‍കുകയും ചെയ്തിരുന്നു. ചിലര്‍ക്ക് സ്വന്തം പോരായ്മകള്‍ കാണാന്‍ കഴിയില്ലെങ്കിലും മററുള്ളവരുടെ മേല്‍ ചെളിവാരിയെറിയും. സോഷ്യലിസ്റ്റ് ആചാര്യന്മാരാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചിലര്‍ കാറ്റിനനുസരിച്ച് ആദര്‍ശം മാറുന്നവരാണ്. രോഹിണി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. പോസ്റ്റ് പിന്നീട് രോഹിണി പിന്‍വലിച്ചു.
ബി.ജെ.പി പക്ഷത്തേക്ക് മാറുമെന്ന അഭ്യൂഹം നിലനില്‍ക്കെ ലലു പ്രസാദ് യാദവ് നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ചതായും അറിയുന്നു.