/kalakaumudi/media/post_banners/8d3c8a439b08510453c37b4787968a957a497c9df3d01e7c2e0199b43d156358.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പുതുയായി തുറന്നത് 98 വൃദ്ധസദനങ്ങൾ. വാർദ്ധക്യത്തിൽ തുണയില്ലാതാകുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും ഉയരുകയാണ്.
2016–17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2021–22ലെത്തിയപ്പോൾ അത് 30,000ത്തിലധികമായി വർധിച്ചു.ആരോരുമില്ലാത്തവർ, മക്കൾ വിദേശത്തുള്ളവർ, ഉറ്റവർ ഉപേക്ഷിച്ചവർ ഇങ്ങനെ ഒറ്റയ്ക്കാകുന്നവർക്ക് ആശ്രയവും അഭയവും വൃദ്ധസദനങ്ങളാണ്.
2023 ലെയും സ്ഥിതി ഇതുതന്നെ. സർക്കാർ നേരിട്ടുനടത്തുന്ന 16 വൃദ്ധസദനങ്ങൾ സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന 82 വൃദ്ധസദനങ്ങൾ പുതുയായി തുറന്ന 98 എണ്ണം സ്വകാര്യ വൃദ്ധസദനങ്ങൾ ഉൾപ്പെടെ ആകെ സംസ്ഥാനത്ത് 745 എണ്ണമാണുള്ളത്. 9726 അമ്മമാർ ഉൾപ്പെടെ ആകെ 15,669 അന്തേവാസികളാണ് ഇവിടെയുള്ളത്.
ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളുമാണ് ഭൂരിഭാഗം വൃദ്ധസദനങ്ങളും നടത്തുന്നത്. ഇവയിൽ തന്നെ ഫീസ് വാങ്ങി പ്രവർത്തിക്കുന്ന 32 എണ്ണമുണ്ട്. ഇവയാകട്ടെ കോവിഡിനു ശേഷം തുടങ്ങിയവയാണ്.
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിച്ചതിനും കോവിഡിനും പിന്നാലെയാണ് വൃദ്ധസദനങ്ങൾ വർധിച്ചത്. ഏറ്റവും കൂടുതൽ വൃദ്ധ സദനങ്ങൾ ഉള്ളത് എറണാകുളം ജില്ലയിലും ഏറ്റവും കുറവ് മലപ്പുറത്തുമാണ്.
പൊതുവെ മക്കളുള്ള ആർക്കും പ്രവേശനം നല്കരുതെന്ന നിബന്ധന സർക്കാര്‍ വൃദ്ധമന്ദിരങ്ങളിലുൾപ്പെടെ ഉണ്ടെങ്കിലും കള്ളം പറഞ്ഞ് ഉപേക്ഷിച്ചുപോകുന്നവർ നിരവധിയാണ്. സ്വത്തെല്ലാം കൈക്കലാക്കിയ ശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കളും ഇക്കൂട്ടത്തിൽ ഉണ്ട്.
രോഗം, സാമ്പത്തികബാധ്യത, കുടുംബകലഹം എന്നീ കാരണങ്ങളാൽ വയോജന കേന്ദ്രങ്ങൾ അന്വേഷിച്ചെത്തുന്നവരുമുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
