രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്: മാതാ അമൃതാനന്ദമയിക്കും ബച്ചനും സച്ചിനും ക്ഷണം; കേരളത്തില്‍ നിന്ന് 100 പേര്‍

By Web Desk.07 12 2023

imran-azhar

 കെ.പി.രാജീവന്‍

 

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കേരളത്തില്‍ നിന്ന് അമൃതാനന്ദമയി ദേവിയടക്കം 100 പേര്‍ക്ക് ക്ഷണം. അമ്മയുടെ നേതൃത്വത്തില്‍ 25 സന്യാസിമാര്‍ ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ, സിനിമ താരം അമിതാഭ് ബച്ചന്‍, അരുണ്‍ ഗോവില്‍, ദീപിക ചിഖില തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. രാമക്ഷേത്ര പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായ കര്‍സേവകരുടെ കുടുംബങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

 

7,000 പേര്‍ക്ക് ക്ഷണക്കത്ത്

 

ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യോഗാചാര്യന്‍ ബാബ രാംദേവ് തുടങ്ങി 3,000 വി.ഐ.പികളടക്കം 7,000 പേര്‍ക്കാണ് ക്ഷണക്കത്തയച്ചത്. രാജ്യമെമ്പാടുമുള്ള സന്യാസിവര്യന്മാര്‍, എഴുത്തുകാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, മറ്റ് പ്രമുഖര്‍ എന്നിവര്‍ ക്ഷണിച്ച വി.ഐ.പികളിലുള്‍പ്പെടുന്നു. കേരളത്തില്‍ നിന്ന് വിവിധ സന്യാസി സമൂഹങ്ങളില്‍ നിന്നുമുള്ള 25 സന്യാസിമാര്‍ പങ്കെടുക്കും. ശങ്കരാചാര്യര്‍, പദ്മ പുരസ്‌കാര ജേതാക്കള്‍, സംഗീതജ്ഞര്‍, വിരമിച്ച സൈനികര്‍, പ്രമുഖ അഭിഭാഷകര്‍ എന്നിവര്‍ ചടങ്ങിനെത്തും.

 

50 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍

 

ലോകത്തെ 50 രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പ്രതിനിധികളെയും ക്ഷണിക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. രാമക്ഷേത്ര പ്രക്ഷോഭത്തെ പിന്തുണച്ച എല്ലാ മാദ്ധ്യമ പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. വി.വി.ഐ.പികളെ ബാര്‍കോഡ് പാസുകളിലൂടെയാകും പ്രവേശിപ്പിക്കുന്നത്.
വിക്രം സാംവത്ത് 2080 ലെ പൗഷ ശുക്ല ദ്വാദശിയില്‍ അഭിജിത് മുഹൂര്‍ത്തമായ 2024 ജനവരി 22 ന് നടക്കുമെന്ന് ചമ്പത് റായ് പറഞ്ഞു. അഞ്ചു വയസ്സുള്ള ബാലരൂപത്തിലാണ് രാമപ്രതിഷ്ഠ.
ശ്രീരാമ പ്രതിഷ്ഠ നടക്കുന്ന ദിവസം എല്ലാവരും ദീപാവലി പോലെ ആഘോഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷ്ഠ ചടങ്ങിന് ശേഷം അയോദ്ധ്യ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍സേവകര്‍ക്ക് ഫെബ്രുവരി 28 ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ഇതിന്റെ ബുക്കിംഗ് ഉടനെ ആരംഭിക്കും.

 

 

OTHER SECTIONS