
ഭുവനേശ്വര്‍:ഒഡീഷയിലെ ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കണ്ടെടുത്ത കള്ളപ്പണം 300 കോടി കവിഞ്ഞു.ഇത്രയും വര്‍ഷത്തിനിടെ രാജ്യത്ത് ഒരു സ്ഥാപനത്തില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. മാത്രമല്ല ഇനിയും നോട്ട് എണ്ണിക്കഴിഞ്ഞിട്ടില്ല.
ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധമുള്ള ഒഡീഷയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.എം.പിയുടെ ഡിസ്റ്റിലറി ഗ്രൂപ്പ് ഉള്‍പ്പെടെ ഒഡിഷയിലെയും ജാര്‍ഖണ്ഡിലെയും 25 സ്ഥാപനങ്ങളില്‍ നിന്ന് 150 ബാഗുകളാണ് കണ്ടെടുത്തത്.
ധീരജിന്റെ റാഞ്ചിയിലെ വീട്ടുവളപ്പില്‍ നിന്ന് 19 ബാഗ് പണം കൂടി കണ്ടെടുത്തിരുന്നു.നിലവില്‍ ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടില്‍ പരിശോധന തുടരുകയാണ്. ബുധനാഴ്ച ആരംഭിച്ച പരിശോധന അഞ്ചുദിവസം പിന്നിട്ടുകഴിഞ്ഞു. 40 നോട്ടെണ്ണല്‍ യന്ത്രങ്ങളാണ് നിലവില്‍ നോട്ടെണ്ണാന്‍ ഉപയോഗിക്കുന്നത്.കമ്പനിയുടെ ഉടമകള്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാവുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നു കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി ചോദിച്ചു. അതെസമയം, കോണ്‍ഗ്രസിനെ ഏജന്‍സികള്‍ വേട്ടയാടുമ്പോള്‍ ബിജെപി നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധനയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കള്ളപ്പണ ഇടപാടുമായി സാഹുവിനു ബന്ധമുണ്ടോയെന്ന വിവരംവ്യക്തമായിട്ടില്ലെ ന്നു ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് അവിനാഷ് പാണ്ഡേ പറഞ്ഞു.
ഒഡീഷയിലെ രണ്ട് എസ്.ബി.ഐ ബ്രാഞ്ചുകളിലാണ് പണം എണ്ണുന്നത്. നികുതി വെട്ടിപ്പ് ആരോപണത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.പരിശോധനയ്ക്കു പിന്നാലെ ബി. ജെ. പി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസുകാരുടെ ഞരമ്പില്‍ അഴിമതിയാണെന്ന് ആരോപിച്ചു. ഒരു കോണ്‍ഗ്രസ് നേതാവു പോലും വിഷയത്തില്‍ ശബ്ദിക്കുന്നില്ലെന്നും 300 കോടി പിടിച്ചെടുത്തെന്നുംആരോപിച്ച കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി പണം എണ്ണിയെണ്ണി നോട്ടെണ്ണല്‍ യന്ത്രം തകരാറായെന്നും പരിഹസിച്ചു.