/kalakaumudi/media/post_banners/1b41c203defee6a6d3a788e5bae39d2ae7b8cb1a23c8f7935f2cb63b71e1a052.jpg)
തൃക്കാക്കര : സർവ്വകലാശാലകളും കോളേജുകളും ഉൾപ്പെടെ ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുസാറ്റിൽ ഉണ്ടായതു പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്, നിലവിലുള്ള മാർഗ്ഗരേഖ കാലോചിതമായി പുതുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കുസാറ്റ് അപകടത്തിനു ശേഷം തുടർന്നുള്ള കാര്യങ്ങൾ ആലോചിക്കുന്നതിനായി ചേർന്ന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനൊപ്പം വിളിച്ചു ചേർത്ത യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കുസാറ്റ് വി.സി ഡോ.പി.ജി.ശങ്കരൻ, ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് എന്നിവർ പങ്കെടുത്തു.
സർവ്വകലാശാലകളും കോളേജുകളും ഉൾപ്പെടെ ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന്, നിലവിലുള്ള മാർഗ്ഗരേഖ കാലോചിതമായി പുതുക്കാൻ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, വലിയ ആൾക്കൂട്ടമുള്ള വേദികൾ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്ത് പരിഷ്കരിക്കും.
ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും പരിശീലിപ്പിക്കാനും പദ്ധതി തയ്യാറാക്കും. കുസാറ്റ് സംഭവത്തെക്കുറിച്ച് സർവ്വകലാശാല സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ ആലോചിക്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.