എന്നെ തോല്‍പ്പിച്ചു, ദ്രോഹിച്ചു, രാഷ്ട്രീയം മതിയാക്കാമെന്നു ചിന്തിച്ചു; കുറ്റപത്രം നിരത്തി പത്മജ വേണുഗോപാല്‍

ലീഡര്‍ കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍, ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍, പാര്‍ട്ടി വക്താവ് ടോം വടക്കന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.

author-image
Web Desk
New Update
എന്നെ തോല്‍പ്പിച്ചു, ദ്രോഹിച്ചു, രാഷ്ട്രീയം മതിയാക്കാമെന്നു ചിന്തിച്ചു; കുറ്റപത്രം നിരത്തി പത്മജ വേണുഗോപാല്‍

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: ലീഡര്‍ കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍, ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍, പാര്‍ട്ടി വക്താവ് ടോം വടക്കന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.

പത്മജയുടെ വരവ് കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് പത്മജയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്രം കുറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ചേരുമെന്ന് വ്യാഴാഴ്ച മാധ്യമങ്ങളോട് പത്മജ വേണുഗോപാല്‍ വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചില്ല. പാര്‍ട്ടി ആസ്ഥാനത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വൈകിട്ട് അഞ്ചരയോടെ പിരിഞ്ഞു പോകാന്‍ തുടങ്ങുമ്പോഴാണ് പാര്‍ട്ടിയില്‍ ചേരാനായി പത്മജ 6.30 ന് പാര്‍ട്ടി ആസ്ഥാനത്തെത്തുമെന്ന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കുന്നത്.

രാഷ്ട്രീയം മതിയാക്കാനായിരുന്നു തീരുമാനം

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ കോണ്‍ഗ്രസ് വിട്ട് പോകാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്നെ തോല്പിച്ചത് ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാം. നാലഞ്ച് നേതാക്കളുടെ ആളായി നിന്നിട്ട് എന്നെ വല്ലാതെ ദ്രോഹിക്കുകയായിരുന്നു. അവര്‍ക്കെതിരെ ഞാന്‍ പാര്‍ട്ടിക്ക് പരാതി കൊടുത്തത് ചവറ്റ് കൊട്ടയിലെറിയുകയായിരുന്നു. അത് കഴിഞ്ഞ് എന്നെ തോല്പിച്ച ആള്‍ക്കാരെ തന്നെ എന്റെ മണ്ഡലത്തില്‍ കൊണ്ടുവെച്ചു. എനിക്ക് മണ്ഡലത്തില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. അതുകൊണ്ട് കുറച്ച് കാലമായി ഞാന്‍ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

രാഷ്ട്രീയം അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവും നേതൃത്വവും എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. അത് കൊണ്ടായിരിക്കാം എന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ച് ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും എനിക്ക് വിഷമമുണ്ട്. ഞാന്‍ ജനിച്ച് വീണത് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. എന്റെ അച്ഛന്‍ പാര്‍ട്ടി വിട്ട് പോയപ്പോഴും ഞാന്‍ വിട്ട് പോയിരുന്നില്ല. അപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് എത്ര മാത്രം വിഷമം ഞാന്‍ അനുഭവച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ? വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടുകയായിരുന്നു. നിരവധി തവണ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. സോണിയ ഗാന്ധിയെ കാണാന്‍ പോലും അനുവദിച്ചില്ല.

ഞാന്‍ എന്ത് കൊണ്ടാണ് പാര്‍ട്ടി മാറുന്നതെന്ന് പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകും. നേതാക്കള്‍ക്ക് മനസ്സിലാകണമെന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നെ വിളിച്ചിട്ട് ഞങ്ങളും കൂടെ വരാമെന്നും ചേച്ചി ഒറ്റയ്ക്ക് പോകേണ്ടെന്നും പറയുന്നുണ്ട്. അത് എനിക്ക് വലിയ ധൈര്യമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പോലെയുള്ള കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. തനിക്കെതിരെ ആരോപണമുന്നയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ടി വിയില്‍ ഇരുന്ന് നേതാവായതാണ്. അദ്ദേഹം തന്നോട് കാര്യങ്ങള്‍ പറയണ്ട. പത്മജ പറഞ്ഞു.

പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം പത്മജ വേണുഗോപാല്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി. വെളളിയാഴ്ച പത്മജ വേണുഗോപാല്‍ തിരുവനന്തപുരത്ത് എത്തും.

കെ.പി.സി.സി ഭാരവാഹി, രാഷ്ട്രീയകാര്യസമിതി അംഗം, കെ.ടി.ഡി.സി മുന്‍ ചെയര്‍പെഴ്‌സണ്‍, ഐ.എന്‍.ടി.യു.സി അംഗം തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. പഴയ മുകുന്ദപുരം ലോകസഭ മണ്ഡലത്തില്‍ നിന്നും തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും രണ്ട് തവണയും മത്സരിച്ചിട്ടുണ്ട്.

 

india kerala BJP congress party padmaja venugopal