പാകിസ്ഥാനില്‍ ഇമ്രാന്‍ തരംഗം, വോട്ടെണ്ണല്‍ മന്ദഗതിയില്‍

By Greeshma Rakesh.08 02 2024

imran-azhar

 

 

ഇസ്ലാമാബാദ്: പാകിസ്താൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണക്കുന്ന സ്ഥാനാർഥികൾ മുന്നിലാണെന്ന് റിപ്പോർട്ട്.വോട്ടെണ്ണൽ അതീവ മന്ദഗതിയിൽ പോകുന്നതിനിടയിലാണ് പ്രധാന സീറ്റുകളിലെല്ലാം ഇമ്രാൻ ഖാനെ പിന്തുണക്കുന്നവർ മുന്നേറുന്നത്.പ്രാദേശിക ടി.വി ചാനലുകളാണ് വോട്ടെണ്ണലിന്റെ ആദ്യ വിവരങ്ങൾ പുറത്തുവിട്ടത്.അഞ്ചിടത്ത് ജയിച്ചാൽ ഇമ്രാൻ ഖാൻ വീണ്ടും പ്രധാനമന്ത്രിയാകും.

 

 

മുന്നണിയായി മത്സരിക്കാൻ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹരീക്-ഇ-ഇൻസാഫ് പാർട്ടിക്ക് നിരോധനമുണ്ട്.എന്നാൽ, ഇമ്രാനെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ പല മണ്ഡലങ്ങളിലും മുന്നേറുന്നതായാണ് വാർത്തകൾ.പുലർച്ചെ നാലരയോടെയാണ് ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. വോട്ടെടുപ്പ് അവസാനിച്ച് 11 മണിക്കൂറിന് ശേഷമാണ് ആദ്യഫലം പുറത്ത് വന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്) ആദ്യഘട്ടത്തിൽ പിന്നിലാണെന്നാണ് വാർത്തകൾ.

 

 

കേവല ഭൂരിപക്ഷത്തിന് 134 സീറ്റുകളാണ് വേണ്ടത്. 167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവരിൽ 4806 പേർ പുരുഷന്മാരും 312 പേർ വനിതകളും രണ്ട് പേർ ഭിന്നലിംഗത്തിൽപ്പെട്ടവരുമാണ്. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളതും ഇത്തവണയാണ്. 6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 2018ൽ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

 

 

പാർലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഖൈബർ പഖ്തൂൻഖ്വയിൽ വ്യാഴാഴ്ച നാല് പൊലീസുകാർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷ മുൻനിർത്തി രാജ്യത്ത് വ്യാഴാഴ്ച മൊബൈൽ ഇന്റർനെറ്റ് ബന്ധവും തടസ്സപ്പെടുത്തിയിരുന്നു. ഇറാൻ, അഫ്ഗാനിസ്താൻ അതിർത്തികളും അടച്ചു.

 

 

 

OTHER SECTIONS