പാക് പൊതു തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക ക്രമക്കേട്; 40ലധികം ഇടങ്ങളിൽ റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

By Greeshma Rakesh.11 02 2024

imran-azhar

 

 

ഇസ്ലാമാബാദ്: പാകിസ്താൻ പൊതു തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിനിടെ 40ലധികം ഇടങ്ങളിൽ റീ പോളിംഗ് നടത്താൻ നിർദ്ദേശം. ഈ മാസം 15ന് റീ പോളിംഗ് നടത്താൻ പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദ്ദേശം നൽകിയത്. ക്രമക്കേട് ആരോപിച്ചെത്തിയ ആളുകൾ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ പോളിംഗ് സാമഗ്രികൾ കത്തിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എൻ-88ലെ 26 പോളിംഗ് സ്‌റ്റേഷനുകളിൽ റീ പോളിംഗ് നടത്തുന്നത്.

 

 

 


അജ്ഞാതരായ ഒരു കൂട്ടം ആളുകൾ പോളിംഗ് സാമഗ്രികൾ പിടിച്ചെടുത്തതായി ആരോപണമുയർന്ന പിഎസ്-18ലും റീ പോളിംഗ് നടത്തും. അക്രമികൾ പോളിംഗ് സാമഗ്രികൾ നശിപ്പിച്ച പികെ-90ലെ 25 സ്റ്റേഷനുകളിൽ കൂടി റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ എൻഎ-242ലെ പോളിംഗ് സ്‌റ്റേഷനിലുണ്ടായ ആക്രമണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ റീജിയണൽ ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവിടെ റീപോളിംഗ് നടത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

 

 

 


പാകിസ്താനിൽ എട്ടാം തിയതി നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ഇമ്രാൻ ഖാന്റെ തെഹ്രീകെ-ഇ-ഇൻസാഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥികളിൽ പലരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.ലാഹോറിലെ എൻഎ130യിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിജയം ഉൾപ്പെടെ ചോദ്യം ചെയ്ത് സ്വതന്ത്ര സ്ഥാനാർത്ഥികൾ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പിടിഐക്ക് അവരുടെ ചിഹ്നമായ ബാറ്റ് അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാതിരുന്നതോടെയാണ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇമ്രാൻ മത്സര രംഗത്തിറക്കിയത്.

 

 

 

നവാസ് ഷെരീഫിന്റെ പാർട്ടിയായ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് 73 സീറ്റുകളും,പാകിസ്താൻ പീപ്പിൾസ് പാർട്ടി 54 സീറ്റുകളും നേടിയതായാണ് റിപ്പോർട്ട്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികൾ തമ്മിലും ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന ആരോപണവുമായി അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ഈ ആരോപണങ്ങൾ പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്.

 

 

 

 

OTHER SECTIONS