പാകിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി; കനത്ത ജാഗ്രത, ഇന്റര്‍നെറ്റിന് വിലക്ക്

By Web Desk.08 02 2024

imran-azhar

 

 


ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലല്‍ പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും.

 

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ), മറ്റൊരു മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പിഎംഎല്‍എന്‍) എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന പാര്‍ട്ടികള്‍.

 

രാത്രിയോടെ ഫലങ്ങള്‍ അറിഞ്ഞുതുടങ്ങും. വെള്ളിയാഴ്ച രാവിലെയോടെ മാത്രമേ യഥാര്‍ഥ ചിത്രം തെളിയൂ.

 

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 ലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങള്‍ക്കുള്ള 10 സീറ്റും ജയിക്കുന്ന പാര്‍ട്ടികള്‍ക്ക് വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ആനുപാതികമായി പിന്നീട് വീതിച്ചു നല്‍കും.

 

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്തു. പിടിഐ സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാല്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മത്സരരംഗത്തുണ്ട്.

 

രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം 12.85 കോടിയാണ്. ദേശീയ അസംബ്ലിയിലേക്ക് 5121 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റില്‍ 593ലേക്കും ഇന്നു വോട്ടെടുപ്പു നടക്കും.

 

സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി പാക്കിസ്ഥാനില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

 

 

OTHER SECTIONS