തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലിന്റെ 150 ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ജഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. കാരുണ്യദിനമായി ആഘോഷിക്കുന്ന ഡിസംബര്‍ ഒന്നിന് വൈകിട്ട് 5. 30 ന് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ റവ.ഡോ. വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലിയോടു കൂടി വാര്‍ഷികാഘോഷങ്ങളുടെ സമാപന പരിപാടികള്‍ക്ക് തുടക്കമാവും.
ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30 ന് നേതൃസംഗമം ഉണ്ടായിരിക്കും. വൈകിട്ട് 5.30 ന് നടക്കുന്ന പൊന്തഫിക്കള്‍ സമൂഹ ദിവ്യബലിക്ക് പുനലൂര്‍ രൂപതാ മെത്രാന്‍ റവ.ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30 ന് കലാസന്ധ്യയും ഉണ്ടായിരിക്കും.
സമാപന ദിവസമായ മൂന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. തോമസ്.ജെ.നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി നടക്കും. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കും. രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ചടങ്ങിന്റെ അധ്യക്ഷത വഹിക്കും.
ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കൊല്ലം തുളസി എന്നിവരും പ്രസംഗിക്കും.
സമാപന ആഘോഷങ്ങളുടെ ഭാഗമായി ദേവാലയത്തിന് പിന്നിലെ വിശുദ്ധ മദര്‍ തെരേസ ഹാളില്‍ ചരിത്ര സാംസ്‌കാരിക പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഇടവക വികാരി മോണ്‍.ഇ. വില്‍ഫ്രഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.