/kalakaumudi/media/post_banners/6d9da89fff8ba8f936c020617bccd70a3ef942fed2b1da872b4d2cf0559ce57a.jpg)
തൃശൂർ : അടുത്തയാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ മിനി പൂരം സംഘടിപ്പിക്കാൻ പാറമേക്കാവ് ദേവസ്വം. പൂരം പ്രദർശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്നുണ്ടായ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം. ജനുവരി മൂന്നിന് തൃശൂരിൽ നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടിയിട്ടുണ്ട്.
അനുമതി ലഭിച്ചാൽ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ 15 ആനകളെ അണിനിരത്തി മിനി പൂരം സംഘടിപ്പിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.അതെസമയം തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.
നിലവിൽ പൂരം പ്രദർശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ തൃശൂർ പൂരത്തിനൊപ്പമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ബിജെപി ഇതിനകം ശ്രമവും ആരംഭിച്ചിട്ടുണ്ട്.
അതെസമയം തൃശൂരിൽ എത്തുന്ന മോദി തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തിൽ പങ്കെടുക്കും. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വനിതാ സംരംഭകർ, സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക. രണ്ട് ലക്ഷം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
