/kalakaumudi/media/post_banners/0e5d1cc6488d439e927545ef167b09d9212356a5e903d756c48aa84270115e02.jpg)
ന്യൂഡൽഹി: കേരളത്തിലെ ഇടതുവലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പി.സി ജോർജ്.ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഎം സഖ്യത്തിനെതിരെ നേരിട്ട് പോരാടും. ബിജെപിയെ അംഗീകരിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ കേരളം ഇന്ന് നാല് ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ്. എൽഡിഎഫും യുഡിഎഫും മാറി മാറി കേരളം ഭരിച്ചു. രണ്ട് കൂട്ടരും ഒന്നിച്ച് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും വളരാൻ അനുവദിക്കാതെ കേരളത്തിൽ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. എൽഡിഎഫിനും യുഡിഎഫിനും ഒരേ മനസാണ്. രാഷ്‌ട്രീയ കച്ചവടമാണ് അവിടെ നടക്കുന്നത്.
ലോകത്തിലെ ഒന്നാം നമ്പർ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയെന്ന കാര്യം കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെയുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും അംഗീകരിക്കാൻ സംസ്ഥാനത്തെ രണ്ട് മുന്നണികളും തയ്യാറാകുന്നില്ലെന്ന കാര്യവും കേരളജനത തിരിച്ചറിയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ കേരളത്തിലെ ഗവർണറെ പോലും ആക്രമിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ചേരുന്ന ഒന്നല്ല.''- പി.സി ജോർജ് പറഞ്ഞു.
കേരളത്തിൽ കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും പട്ടിണിയിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളം രക്ഷപ്പെടണമെങ്കിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ കൂടിയെ തീരൂ. ഞാൻ പ്രതിനിധാനം ചെയ്യുന്ന മദ്ധ്യതിരുവിതാംകൂറിൽ റബ്ബർ, ഏലം കർഷകരാണുള്ളത്. ഇവർ ഇന്ന് ദുരിതത്തിലാണ്. അവരെ രക്ഷിക്കാനും താങ്ങുവില നൽകുന്നതിനും കേന്ദ്രസർക്കാരിന്റെ സഹായം ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടൽ കൂടാതെ അവരെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്നത് ബിജെപിയോട് ചേർന്ന് പ്രവർത്തിക്കുക എന്നത് മാത്രമാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഎം സഖ്യത്തിനെതിരെ നേരിട്ട് പോരാടും. ബിജെപിയെ അംഗീകരിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. കേരളം ബിജെപിയോടൊപ്പം നിൽക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും പി.സി ജോർജ് പറഞ്ഞു.